ഇടുക്കി: ക്വാമി ഏകതാ വാരം(ദേശീയോദ്ഗ്രഥന വാരം) നവംബർ 19 മുതൽ 25 വരെ രാജ്യവ്യാപകമായി ആഘോഷിക്കും.ദേശഭക്തി, മതസൗഹാർദ്ദം എന്നിവ ഊട്ടി ഉറപ്പിക്കുന്നതിനാണ് ക്വാമി ഏകതാ വാരം ആഘോഷിക്കുന്നത്. കൊവിഡ്19 മാനദണ്ഡങ്ങൾ പാലിച്ച് പൊതുയോഗം, പ്രഭാതഭേരി, ദേശീയോദ്ഗ്രഥന പ്രതിജ്ഞ, ചർച്ച, സംവാദം എന്നിവ സംഘടിപ്പിക്കും. നവംമ്പർ 19 ന് മതേതരത്വം, അഹിംസ, വർഗ്ഗീയക്കെതിരെയും യോഗങ്ങൾ, സിമ്പോസിയം, സെമിനാർ എന്നിവയും ജില്ലാ തലത്തിൽ നടത്തും. 20ന് ന്യൂനപക്ഷക്ഷേമദിനമായി ആഘോഷിക്കും. അന്ന് കലാപബാധിത പ്രദേശങ്ങളിൽ സമാധാനസൗഹൃദ യാത്ര സംഘടിപ്പിക്കും. 21 ന് ഭാഷാ ഐക്യദിനമായി ആചരിച്ച് കവി സമ്മേളനങ്ങളും ഭാഷാ പൈതൃക സാഹിത്യ സമ്മേളനങ്ങളും സംഘടിപ്പിക്കും. പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നാക്കക്കാരെ മുഖ്യ ധാരയിലേക്കു കൊണ്ടുവരുന്നതിനുള്ള പരിപാടികളായിരിക്കും 22 ന് നടത്തുക. ഭാരതത്തിന്റെ സാംസ്‌കാരിക സംരക്ഷണത്തിനും നാനാത്വത്തിൽ ഏകത്വം ഊട്ടിഉറപ്പിക്കുന്നതിമുള്ള സാംസ്‌കാരിക ഏകതാ ദിനമായിട്ടായിരിക്കും നവംബർ 23 ആഘോഷിക്കുന്നത്. ഭാരത സമൂഹ വ്യവസ്ഥയിൽ സ്ത്രീകളുടെ സ്ഥാനവും രാഷ്ട്ര നിർമ്മാണത്തിൽ സ്ത്രീകളുടെ പ്രാധാന്യവും എന്നത് അടിസ്ഥാനമാക്കി 24 വനിതാ ദിനമായി കൊണ്ടാടും. പരിസ്ഥിതി സംരക്ഷണവും ബോധവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികളോടെ വാരാചരണം സമാപിക്കും.