ഇടുക്കി:സമഗ്രശിക്ഷ ഇടുക്കിയിലെ വിവിധ ബിആർസികളെ ആലപ്പുഴ ജില്ലയിലെ വിവിധ ബിആർസികളുമായി ചേർത്ത് ജാലകങ്ങൾക്കപ്പുറം എന്ന പേരിൽ സംയോജിത പരിപാടിയ്ക്ക് ഇന്ന് തുടക്കം കുറിക്കും. ഭിന്നശേഷിക്കാരായ കുട്ടികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, ഡോക്ടർമാർ, മനശാസ്ത്രജ്ഞർ, കൗൺസിലർമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ കൂട്ടായ്മയിലൂടെ തുടർന്നുളള എല്ലാ ബുധനാഴ്ചകളിലും വിവിധ പരിപാടികൾ നടത്തും. സന്തോഷത്തിലും പ്രതിസന്ധിഘട്ടത്തിലും കൂടെ നിൽക്കുന്ന സമൂഹമായി കുട്ടികളെ വളർത്തിയെടുക്കുക എന്ന കാഴ്ചപ്പാടോടുകൂടി നടപ്പാക്കുന്ന പരിപാടിയിൽ സാമൂഹികവും സാംസ്‌കാരികവും തൊഴിൽപരവും ആശയപരവുമായ കൈമാറ്റങ്ങളും കലാപരിപാടികൾ നാട്ടറിവുകൾ എന്നിവയുടെ പങ്കുവയ്ക്കലുകളും ഉണ്ടാകും. എൽ.പി, യു.പി, സെക്കൻഡറി/ഹയർസെക്കൻഡറി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 50 വീതം കുട്ടികളെ ഓരോ ബിആർസിയിൽ നിന്നും ഗൂഗിൾ മീറ്റ് വഴി പങ്കെടുപ്പിച്ചുകൊണ്ട് പൂർണമായും ഓൺലൈനായിട്ടാണ് ജാലകങ്ങൾക്കപ്പുറം നടപ്പിലാക്കുന്നത്. ജില്ലയിലെ 8 ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളെ ആലപ്പുഴ ജില്ലയിലെ വിവിധ ബി.ആർ.സികളുമായി സംയോജിപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അടിമാലി-ആലപ്പുഴ, കട്ടപ്പന-അമ്പലപ്പുഴ, നെടുങ്കണ്ടം-മാവേലിക്കര, തൊടുപുഴ- മങ്കൊമ്പ്,അറക്കുളം-തുറവൂർ, മൂന്നാർ-ഹരിപ്പാട്, പീരുമേട്-ചെങ്ങന്നൂർ, കരിമണ്ണൂർ-ചേർത്തല എന്നിങ്ങനെയാണ് ബിആർസികളെ സംയോജിപ്പിച്ചിട്ടുളളത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 226991