ഇന്ന് 70 ജീവനെടുത്ത പെട്ടിമുടി ദുരന്തത്തിന്റെ നൂറാംദിനം
മൂന്നാർ: ആനമുടിയുടെ മടിത്തട്ടിലെ മനോഹര താഴ്‌വാരമായിരുന്നു ആഗസ്റ്റ് ആറ് രാത്രി വരെ പെട്ടിമുടി. എന്നാൽ നിമിഷങ്ങൾക്കുള്ളിലാണ് എല്ലാം തകർന്നത്. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലയങ്ങൾക്ക് മുകളിലേക്ക് ഇടിത്തീ പോലെയാണ് ഉരുൾപൊട്ടിയെത്തിയ കല്ലും മണ്ണും പതിച്ചത്. കുത്തിയൊഴുകിയെത്തിയ മണ്ണിലും ചെളിയിലും പെട്ട അവരുടെ വിലാപം ആരും കേട്ടില്ല. പിഞ്ചു കുട്ടികളും ഗർഭിണികളടക്കമുള്ള സ്ത്രീകളുമുണ്ടായിരുന്നു ആ കൂട്ടത്തിൽ. രാവിലെ ആദിവാസികളും മറ്റ് തോട്ടം തൊഴിലാളികളും ചേർന്ന് കൈ കൊണ്ട് മണ്ണ് മാന്തിയാണ് 12 പേരെ രക്ഷപ്പെടുത്തിയത്. കേരളത്തെ നടുക്കിയ ദുരന്തമുണ്ടായിട്ട് ഇന്ന് നൂറുദിനം തികയുകയാണ്. ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ വനാതിർത്തിയിൽപ്പെട്ട പ്രദേശത്തു നിന്നാണ് ഉരുൾപൊട്ടിയെത്തിയത്. അവിടെ നിന്ന് രണ്ടു കിലോമീറ്റർ താഴേയ്ക്ക് പതിച്ചാണ് അത് പെട്ടിമുടിയെ ദുരന്തഭൂമിയാക്കിയത്. ഇരവികുളം ദേശീയ ഉദ്യാനത്തിനു താഴെ കെ.ഡി.എച്ച്.പി. കമ്പനിയുടെ തേയില തോട്ടങ്ങളാണ്. ഇതിനും താഴെയാണ് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ. മുകളിൽ നിന്നും തോട്ടത്തിലൂടെ കടന്നുപോകുന്ന നീർച്ചാലുണ്ട്. ഇത് ലയങ്ങൾക്ക് സമീപത്തുകൂടെ പോയി താഴെ പെട്ടിമുടി പുഴയിലാണ് ചേരുന്നത്. ദുരന്തത്തിന് മുമ്പുള്ള നാലു ദിവസം തുടർച്ചയായി വനത്തിലും തേയില തോട്ടത്തിലും ശക്തമായ മഴയായിരുന്നു. വ്യാഴാഴ്ച രാത്രി ഈ നീർച്ചാൽവഴിയാണ് ഉരുൾപൊട്ടി താഴേക്കൊഴുകിയത്. മലമുകളിൽ നിന്നൊഴുകിയ കല്ലും മണ്ണും വെള്ളവും ഈ നീർച്ചാലിനെ ലയങ്ങൾക്കു മുകളിലൂടെ കണ്ണീർ പുഴയായി ഒഴുക്കി. കെട്ടിട ഭാഗങ്ങളും മണ്ണുമെല്ലാം താഴെ പുഴയിലേക്ക് പതിച്ചു. 22 കുടുംബങ്ങളിൽ 14 കുടുംബങ്ങൾ പൂർണമായും ഇല്ലാതായി.
ലയങ്ങളെ വിഴുങ്ങിയ ഉരുൾ
ആഗസ്റ്റ് ആറിന് രാത്രി 10.45നായിരുന്നു ഉരുൾപ്പൊട്ടലുണ്ടായത്. ദുരന്തത്തിൽ ഗതാഗതവാർത്ത വിനിമയവൈദ്യുതി ബന്ധങ്ങളെല്ലാം തകരാറിലായതോടെ ദുരന്തം പുറം ലോകമറിയുന്നത് നേരം പുലർന്നിട്ടാണ്. എത്തിച്ചെല്ലാനാകാത്ത വിധം മരങ്ങൾ വീണും മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെട്ട റോഡ് ഗതാഗത യോഗ്യമാക്കി അഗ്‌നിരക്ഷാ സേനയാണ് ആദ്യം പെട്ടിമുടിയിലെത്തിയത്. ആദ്യം ദുരന്തത്തിൽ അകപ്പെട്ട 82 പേരിൽ 12 പേരെ രക്ഷപ്പെടുത്താനായി. തുടർ രക്ഷാപ്രവർത്തനത്തിൽ പൊലീസും ദേശിയ ദുരന്ത നിവാരണ സേനയും ചേർന്നതോടെ തിരച്ചിൽ പ്രവർത്തനങ്ങൾ ഊർജിതമായി. അവസാന ദിനങ്ങളിൽ ഏറ്റവും ദുർഘടമായ പെട്ടിമുടി പുഴയും ഭൂതക്കുഴി വനമേഖലയും കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. പുഴയിലൂടെ ഒഴുകി പോയ മൃതദേഹം 14 കിലോമീറ്റർ ദൂരെ നിന്ന് വരെ കണ്ടെത്തി. 19 ദിവസം നീണ്ട തിരച്ചിലിൽ ആകെ 66 മൃതദേഹങ്ങൾ കണ്ടെടുത്തു. മൃതദേഹങ്ങൾ രാജമല എസ്റ്റേറ്റിൽ തന്നെ വലിയ കുഴിയെടുത്ത് ഒരുമിച്ചാണ് സംസ്കരിച്ചത്. കണ്ടെത്താനാകാത്ത നാല് പേരും മരിച്ചതായി സർക്കാർ ഉത്തരവിറക്കി. അഗ്‌നിരക്ഷാ സേന, ദേശീയ ദുരന്തനിവാരണസേന, സന്നദ്ധ പ്രവർത്തകർ, സാഹസിക സംഘം, വനം, പൊലീസ്, റവന്യു പഞ്ചായത്ത് വകുപ്പുകളും കെ.ഡി.എച്ച്.പി കമ്പനി, പ്രദേശവാസികൾ, സന്നദ്ധപ്രവർത്തകർ തുടങ്ങി അഞ്ചൂറിലേറെ പേർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. റഡാർ, ഡോഗ് സ്‌ക്വാഡ് അടക്കം സാദ്ധ്യമായ എല്ലാ സംവിധാനങ്ങളും തിരച്ചിൽ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു.
മറക്കാനാകില്ല ഈ മിണ്ടാപ്രാണികളെ
മനുഷ്യനും വളർത്തുനായയുമായുള്ള സ്‌നേഹത്തിന്റെയും അത്മബന്ധത്തിന്റെയും അവിസ്മരണീയമായ മുഹൂർത്തങ്ങൾക്കും പെട്ടിമുടി സാക്ഷിയായി. അതിൽ എടുത്ത് പറയേണ്ടത് കളിക്കൂട്ടുകാരി ധനുഷ്‌കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളർത്തുനായയെക്കുറിച്ചാണ്. പിന്നീട് ജില്ലാ ഡോഗ് സ്‌ക്വാഡിലെ പരിശീലകനും സിവിൽ പൊലീസ് ഓഫീസറുമായ അജിത് മാധവൻ കുവിയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചതോടെ കുവി താരമായി.
കേരള പൊലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ പൊലീസ് നായ ബെൽജിയം മെലിനോയിസ് വിഭാഗത്തിൽപ്പെട്ട പത്ത് മാസം മാത്രം പ്രായമുളള ലില്ലി മണ്ണിനടിയിൽ നിന്ന് 15 പേരുടെ മൃദേഹങ്ങളാണ് കണ്ടെത്തിയത്. വർക്കിംഗ് ലാബ്രഡോർ വിഭാഗത്തിൽപ്പെട്ട ഡോണയും വലിയ സേവനമാണ് ചെയ്തത്.
സ്ഥലംകിട്ടി, പണം കിട്ടിയില്ല
ദുരന്തം അതിജീവിച്ചവരും പെട്ടിമുട്ടിയിലെ മറ്റ് ലയങ്ങളിലുള്ളവരും ഇന്ന് മൂന്നാറിലെ വിവിധ ലയങ്ങളിലും ബന്ധുവീടുകളിലുമാണ് താമസിക്കുന്നത്. പരിക്കേറ്റവർക്ക് അടിയന്തരസഹായമായി നൽകിയ തുകയല്ലാതെ വിവിധ സർക്കാരുകൾ പ്രഖ്യാപിച്ച നഷ്ടപരിഹാരതുക ഇതുവരെ ദുരന്തബാധിതർക്ക് ലഭിച്ചിട്ടില്ല. കേരളസർക്കാർ അഞ്ചു ലക്ഷവും തമിഴ്നാട് മൂന്ന് ലക്ഷവും കേന്ദ്രസർക്കാർ രണ്ട് ലക്ഷവും പ്രഖ്യാപിച്ചിരുന്നു. കണ്ണൻദേവൻ കമ്പനി തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളെല്ലാം സംസ്ഥാന സർക്കാരാണ് വഹിച്ചത്. അവശേഷിച്ച എട്ട് കുടുംബങ്ങൾക്ക് കുറ്റിയാർവാലിയിൽ സർക്കാർ കണ്ടെത്തിയ അഞ്ച് സെന്റ് വീതം ഭൂമിയുടെ പട്ടയം ഒന്നിന് കൈമാറി. ഇവർക്ക് കണ്ണൻദേവൻ കമ്പനി ഇവിടെ വീട് നിർമിച്ചുകൊണ്ടിരിക്കുകയാണ്.