തൊടുപുഴ: ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് തൊടുപുഴ ബ്ലോക്ക് ആയുഷ് ഗ്രാം പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളെ ഉൾപ്പെടുത്തി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി 'വീട്ടുമുറ്റത്ത് ഒരു ഔഷധ വൃക്ഷം'' എന്ന പദ്ധതി നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.കബീർ എ.എം. ഉദ്ഘാടനം ചെയ്തു. മുട്ടം ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ, തുടങ്ങാനാട് സെന്റ് തോമസ് ഹൈസ്‌കൂൾ, ഷന്താൽ ജ്യോതി പബ്ലിക് സ്‌കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ സ്വന്തം വീട്ടുമുറ്റങ്ങളിൽ 500 ആര്യവേപ്പിൻ തൈകൾ നട്ടു.
നാഗാർജുന ഹെർബൽ കോൺസൻട്രേറ്റ്‌സ് ആണ് വിദ്യാർത്ഥികൾക്കുള്ള ആര്യവേപ്പിൻ തൈകൾ നൽകിയത്. ഇതോടനുബന്ധിച്ച് ആയുഷ് ഗ്രാം സംഘടിപ്പിച്ച ഓൺലൈൻ വെബിനാറുകൾ ഭാരതീയ ചികിൽസാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി. ശുഭ നിർവ്വഹിച്ചു. മുട്ടം ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയിൽ നടത്തിയ വെബിനാറിൽ ആയുഷ്ഗ്രാം നോഡൽ ഓഫീസർ ഡോ.റോസലിൻ ജോസ് സ്വാഗതം ആശംസിച്ചു. കൊവിഡും ആയുർവേദവും, ഔഷധ സസ്യകൃഷി രീതികൾ എന്നീ വിഷയങ്ങളിൽ ആയുഷ് ഗ്രാം മെഡിക്കൽ ഓഫീസർ ഡോ.രഹ്ന സിദ്ധാർത്ഥൻ, നാഗാർജുന ഔഷധസസ്യ വിഭാഗം മാനേജർ ബേബി എന്നിവർ ക്ലാസ് നയിച്ചു. കരിങ്കുന്നം ജി.എ.ഡി. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ജ്യോതി ലക്ഷ്മി നന്ദി പറഞ്ഞു.