കുമളി: അഴുത ബ്ലോക്ക് പഞ്ചായത്തിൽ കഴിഞ്ഞ അഞ്ച് വർഷം കസേരകളിയുടെ കാലമായിരുന്നു. ഇടയ്ക്ക് വഴുതി മാറിയ ഭരണം യു.ഡി.എഫ് തിരികെ പിടിച്ചത് രണ്ട് പേരുടെ കസേര തെറിപ്പിച്ചു കൊണ്ടായിരുന്നു.യു. ഡി. എഫ് സ്ഥാനാർത്ഥികളായി മത്സരിച്ചു ജയിച്ച ശേഷം ഇടതുപക്ഷത്തേക്ക് കൂറുമാറിയ കേരള കോൺഗ്രസ് അംഗം, അമലഗിരി ഡിവിഷനിലെ ലിസിയാമ്മ, ആർ.എസ്.പി അംഗം വാഗമൺ ഡിവിഷനിലെ സുധാകരൻ എന്നിവർക്കാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം സ്ഥാനം നഷ്ടമായത്.

അഴുത ബ്ലോക്ക് പഞ്ചായത്തിൽ വാഗമൺ, ഏലപ്പാറ, ചെങ്കര, കുമളി, സ്പ്രിംഗ്‌വാലി, പെരിയാർ, തേങ്ങാക്കൽ, മഞ്ചുമല, പട്ടുമല, പീരുമേട്, പെരുവന്താനം, അമലഗിരി, കൊക്കയാർ എന്നീ 13 വാർഡുകളാണുള്ളത്. ഇതിൽ എട്ട് വാർഡുകളിൽ വിജയിച്ച യു.ഡി.എഫ് ഭരണത്തിലെത്തി. രണ്ടര വർഷത്തെ ഭരണത്തിനിടെ യു.ഡി.എഫിൽ നിന്ന് രണ്ട് അംഗങ്ങൾ എൽ.ഡി.എഫിനൊപ്പം ചേർന്നതോടെ ഭരണം ഇടതുപക്ഷത്തിനായി. സ്പ്രിംഗ്‌വാലി വാർഡിൽ നിന്ന് വിജയിച്ച ആലീസ് സണ്ണി ഒരു വർഷക്കാലം എൽ.ഡി.എഫ് പ്രസിഡന്റായി. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതോടെ കൂറുമാറിയ രണ്ട് അംഗങ്ങളെ അയോഗ്യരാക്കി ഭരണക്കസേര വീണ്ടും യു.ഡി.എഫിന് തിരികെ കിട്ടി. ബ്ലോക്കിന് കീഴിൽ കുമളി, വണ്ടിപ്പെരിയാർ, ഏലപ്പാറ, പീരുമേട്, പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളാണുള്ളത്.


കുമളി
യു.ഡി.എഫ് രണ്ട് വർഷമായി തുടർച്ചയായി ജയിക്കുന്ന പഞ്ചായത്താണ് കുമളി. ആകെയുള്ള 20 സീറ്റിൽ 14 എണ്ണം നേടിയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. 5 സീറ്റിൽ വിജയിച്ച ഇടതു മുന്നണിക്കൊപ്പം സ്വതന്ത്രനും കൂടി എത്തിയതോടെ അംഗബലം ആറായി.

വണ്ടിപ്പെരിയാർ

രണ്ടു തവണ അധികാരത്തിലെത്തിയ ഇടതുമുന്നണിയെ മാറ്റി ഭരണം പിടിക്കുകയെന്ന ലക്ഷ്യവുമായാണ് യു.ഡി.എഫ് പോരാട്ടം. ആകെയുള്ള 23 സീറ്റിൽ 13 എണ്ണത്തിൽ വിജയിച്ചാണ് ഇടതുപക്ഷം തുടർച്ചയായി രണ്ടാം തവണ ഭരണത്തിലെത്തിയത്. യു.ഡി.എഫ് ഒമ്പത് സീറ്റിൽ വിജയിച്ചപ്പോൾ ടൗൺ വാർഡിൽ എസ്.ഡി.പി.ഐ അട്ടിമറി വിജയം നേടിയിരുന്നു.

പെരുവന്താനം

1995 ൽ പഞ്ചായത്തിന്റെ രൂപീകരണ കാലഘട്ടം മുതൽ കോൺഗ്രസും കേരള കോൺഗ്രസും മാറി മാറി ഭരിച്ച പഞ്ചായത്തിൽ കഴിഞ്ഞ തവണ അട്ടിമറി വിജയമാണ് ഇടതുമുന്നണി നേടിയത്. ആകെയുള്ള 14 സീറ്റിൽ 11 ഉം ഇടതുമുന്നണി നേടിയപ്പോൾ മൂന്ന് സീറ്റ് മാത്രമാണ് ഹൈറേഞ്ചിന്റെ കവാട പഞ്ചായത്തിൽ യു.ഡി.എഫിന് നേടാനായത്.


പീരുമേട്
പഞ്ചായത്തിലെ യു.ഡി.എഫ് കുത്തക തകർക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം. ആകെയുള്ള 17 സീറ്റിൽ 10 ഉം നേടി അധികാര തുടർച്ച നേടിയ യു.ഡി.എഫിന് ഇടയ്ക്ക് തിരിച്ചടിയായി രണ്ടു പേരുടെ കൂറുമാറ്റമാണ്. ഇരുവരെയും തിരഞ്ഞെടുപ്പ് കമ്മിഷൻ പിന്നീട് അയോഗ്യരാക്കി.

ഏലപ്പാറ
ആദ്യമായി കൈവിട്ട ഭരണം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. പഞ്ചായത്തിൽ ആകെയുള്ള 17 സീറ്റിൽ 11 ഉം നേടിയാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. ഇതിൽ സി.പി.ഐ- 6,​ സി.പി.എം- 5 എന്നിങ്ങനായിരുന്നു കക്ഷിനില. യു.ഡി.എഫിന് ആറ് സീറ്റിലേക്ക് ഒതുങ്ങേണ്ടി വന്നു. പ്രസിഡന്റ് സ്ഥാനം 33 മാസം സി.പി.ഐയും പിന്നീട് 27 മാസം സി.പി.എമ്മും പങ്കിട്ടെടുത്തായിരുന്നു ഭരണം.

കൊക്കയാർ

യു.ഡി.ഫ് കുത്തകയായിരുന്ന പഞ്ചായത്ത് കഴിഞ്ഞ രണ്ടു തവണയാണ് ഇടതിനൊപ്പമാണ്. ആകെയുള്ള 13 സീറ്റിൽ ഏഴ് സീറ്റിൽ ഭൂരിപക്ഷം നേടി സി.പി.എം തനിച്ച് ഭരണത്തിലെത്തുകയായിരുന്നു. കോൺഗ്രസിന് അഞ്ചും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു സീറ്റും ലഭിച്ചു.