തൊടുപുഴ: കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ 16ന് ജില്ലയിലെമ്പാടും വൻ പ്രതിഷേധം നടക്കുമെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമനും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും അറിയിച്ചു. സംസ്ഥാനത്തെമ്പാടും നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് ജില്ലയിലെ പരിപാടി. കേന്ദ്രത്തിന് ഇഷ്ടമില്ലാത്ത സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനും തകർക്കാനും ഭരണഘടന വിരുദ്ധമായി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്രം. സി.ബി.ഐ കൂട്ടിലടക്കപ്പെട്ട തത്തയാണെന്ന് ഒരിക്കൽ പറഞ്ഞത് സുപ്രിം കോടതിയാണ്. സി.ബി.ഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എന്നിവയെല്ലാം അങ്ങേയറ്റം നീചമായി ദുരുപയോഗം ചെയ്യുകയാണ് കേന്ദ്രം. നമ്മുടെ ജനാധിപത്യത്തെ തന്നെ തകർക്കുന്ന ഭരണ ഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളെ നിഷേധിക്കുന്ന ബി.ജെ.പിയുടെ നയങ്ങൾ ആപത്കരമാണ്. കേരള സർക്കാർ നടപ്പാക്കന്ന ജനക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങൾ ജനങ്ങളിലെത്തിക്കുന്നത് തടയുകയാണ് ഇവരുടെ ലക്ഷ്യം. ആപത്കരമായ ഈ നീക്കത്തിനെതിരെ 16ന് വൈകിട്ട് അഞ്ചിന് ജില്ലയിലെ വാർഡ് ബൂത്ത് കേന്ദ്രങ്ങളിൽ 100 പേർ വീതം അണി നിരക്കുന്ന പ്രതിഷേധ പരിപാടി വൻ വിജയമാക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു.