തൊടുപുഴ: എൽ.ഡി.എഫ് തൊടുപുഴ നഗരസഭയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടും യു.ഡി.എഫിന് ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സീറ്റ് വിഭജനം തലവേദനയാവുകയാണ്. കേരളകോൺഗ്രസ് ജോസഫ് വിഭാഗവുമായി ധാരണയിലെത്താനാകാത്തതാണ് അന്തിമതീരുമാനം നീണ്ടുപോകുന്നതിന് കാരണം. ജോസ് ഗ്രൂപ്പ് മത്സരിച്ച എല്ലാ സീറ്റുകളും ജോസഫിന് വിട്ടുനൽകാൻ കോൺഗ്രസ് തയ്യാറല്ല. ഇതോടെ ഇന്നലെ സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപ്പെട്ടിട്ടുണ്ട്. രാത്രി വൈകിയും ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം എൽ.ഡി.എഫിൽ കട്ടപ്പന നഗരസഭയിലും ചില ഗ്രാമപഞ്ചായത്തുകളിലും മാത്രമാണ് സീറ്റ് വിഭജനം പൂർത്തിയാകാനുള്ളത്. ഘടകക്ഷികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ കഴിഞ്ഞതവണ സി.പി.എം സ്വതന്ത്രർ മത്സരിച്ച സീറ്റുകൾ ഭൂരിഭാഗവും ജോസ് വിഭാഗത്തിന് വിട്ടുനൽകിയതായാണറിവ്. എൻ.ഡി.എയിലും ഘടകക്ഷികൾക്ക് തൃപ്തികരമാംവിധം സീറ്റ് വിഭജനം ഏകദേശം പൂർത്തിയായിട്ടുണ്ട്. ചില സീറ്റുകളിൽ പൊതുസമ്മതനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുന്നണി. വരുംദിവസങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കും.