തൊടുപുഴ: വോട്ട് ചോദിച്ച് വീട്ടിലെത്തുന്നവരുടെ പാർട്ടിയേതെന്ന് ഇനി മുഖം നോക്കി മനസിലാക്കാം. മുഖത്തെ മുഖാവരണത്തിലുണ്ടാകും പാർട്ടിയുടെ ചിഹ്നവും നിറവുമെല്ലാം. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പുതിയ താരമായി മാസ്ക് മാറുകയാണ്. കൊവിഡ് കാലത്ത് മാസ്‌ക്കില്ലാതെ പ്രാചാരണത്തിനിറങ്ങാൻ അനുമതിയില്ലാത്തതിനാൽ മാസ്‌കിനെത്തന്നെ പ്രചാരണ വസ്തുവാക്കി മാറ്റുകയാണ് രാഷ്ട്രീയപാർട്ടികൾ. കൊവിഡ് കാല തിരഞ്ഞെടുപ്പ് സ്‌പെഷ്യൽ മാസ്കുകൾ ജില്ലയിലെമ്പാടും സജീവമാണ്. പാർട്ടി ചിഹ്നവും നേതാക്കളുടെ ചിഹ്നവും പതിച്ച മാസ്കുകൾക്ക് വൻ ഡിമാൻഡാണ്. കോൺഗ്രസ്, സി.പി.എം, സി.പി.ഐ, ബി.ജെ.പി, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളുടെ ചിഹ്നം ആലേഖനം ചെയ്ത മുഖാവരണങ്ങളാണ് കൂടുതലും ലഭ്യമാകുന്നത്. കോട്ടൻ മാസ്കുകൾ ലെയറുകളുടെ എണ്ണമനുസരിച്ച് 10- 40 വരെ വിലകളിലുള്ളത് ലഭ്യമാണ്.
മാസ്കിന്റെ ചെലവ് സ്ഥാനാർത്ഥിയുടെ കണക്കിലാവും തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖപ്പെടുത്തുക.
മാസ്ക് ഊരി കമ്മിഷൻ
പഞ്ചായത്തിലെ ബൂത്തുകളിൽ 200 മീറ്റർ പരിധിയിലും നഗരസഭയിലെ ബൂത്തുകളിൽ 100 മീറ്റർ പരിധിയിലും രാഷ്ട്രീയ കക്ഷികളുടെ പേര്, ചിഹ്നം എന്നിവ ആലേഖനം ചെയ്ത മാസ്‌ക് ഉപയോഗിക്കാൻ പാടില്ലെന്ന വ്യവസ്ഥ മാതൃക പെരുമാറ്റ ചട്ടത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്.
''ഓർഡർ ലഭിക്കുന്നതനുസരിച്ച് ഇവിടെ തന്നെ നിർമിക്കുകയാണ്. പാർട്ടിക്കാരുടെ ആവശ്യാനുസരണം സ്ഥാനാർത്ഥിയുടെ മുഖവും ചിഹ്നവും ഉള്ള മാസ്ക് ഉണ്ടാക്കി നൽകും. തിരഞ്ഞെടുപ്പ് ചൂട് പിടിച്ചതോടെ മികച്ച രീതിയിൽ ഓർറുകൾ ലഭിക്കുന്നുണ്ട്.""
- ബൈജു (പ്രിന്റിംഗ് പ്രസ് ഉടമ, തൊടുപുഴ)