തൊടുപുഴ: വ്യാപാരികൾക്കെതിരെ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായി മുന്നോട്ട് പോകുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾക്കെതിരെയുളള നിഗൂഡവും മുതലെടുപ്പിനുമായി നടത്തുന്ന നിക്ഷിപ്ത താല്പര്യ പ്രവണതകൾക്കെതിരെ വ്യാപാരികൾ ഒറ്റക്കെട്ടായി നേരിടുമെന്നും അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുവാനും യോഗം ഐകകണ്ഠേന തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ബേക്കറിക്കെതിരെ മോശമായി സമൂഹമാധ്യമങ്ങളിൽ വ്യാജ പോസ്റ്റുകൾ പ്രചരിപ്പിച്ച വ്യക്തി തെറ്റ് തിരിച്ചറിഞ്ഞ് മാപ്പ് പറഞ്ഞതായും സംഘടനാ ഭാരവാഹികൾ പറഞ്ഞു. കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എൻ. ബാബു, തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരിണിയിൽ, മർച്ചന്റ്‌സ് യൂത്ത്‌വിംഗ് പ്രസിഡന്റ് താജു എം.ബി, കെ.എച്ച്.ആർ.എ ജില്ലാ ജോയിന്റ് സെക്രട്ടറി ഷീബ ടോമി, സ്‌നാക് ബോക്‌സ് ഉടമ ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.