തൊടുപുഴ: ജില്ലയിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ക്ലീൻ കേരള കമ്പനിയുമായി ചേർന്ന് എല്ലാത്തരം പാഴ്‌വസ്തുക്കളും ശേഖരിച്ച് സംസ്കരണത്തിനുള്ള സംവിധാനം ഒരുങ്ങുന്നു. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിൽ ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന പാഴ് വസ്തുക്കൾ തരംതിരിച്ചു സൂക്ഷിക്കുന്നതിനും വിപണനം ചെയ്യുന്നതിനും ക്ലീൻ കേരള കമ്പനിയുടെ സേവനം വിനിയോഗിക്കുന്നതിന് സർക്കാർ നേരത്തേ തന്നെ അനുമതി നൽകിയിട്ടുള്ളതാണ്. ഈ ഉത്തരവിന്റെ ചുവടുപിടിച്ച് മാലിന്യനീക്കം സുഗമമാക്കുന്നതിനാണ് ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ തല സാങ്കേതിക സമിതി യോഗം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ ജൈവ- അജൈവ മാലിന്യങ്ങളുടെ തരംതിരിച്ച ശേഖരണം ഉറപ്പാക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇടപെടൽ ഉണ്ടാകണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ശുചിത്വ പദവി നേടിയ 30 പഞ്ചായത്തുകളും രണ്ട് നഗരസഭകളും എത്രയും വേഗം സർക്കാർ സ്ഥാപനമായ ക്ലീൻ കേരള കമ്പനിയുമായി കരാർ വെയ്ക്കണം. ബാക്കി തദ്ദേശ സ്ഥാപനങ്ങളും അധികം വൈകാതെ കരാറിലെത്തണം. ഇത് ചെയ്താൽ മാത്രമേ എല്ലാത്തരത്തിലുള്ള പാഴ് വസ്തുക്കളും യഥാസമയം നീക്കം ചെയ്യാനാകൂ. കലണ്ടർ പ്രകാരം വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പാഴ് വസ്തുക്കൾ സംഭരിച്ചുവെയ്ക്കുന്നതിന് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി ഉറപ്പാക്കേണ്ടതാണ്. എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും ഒരു ടൗൺഷിപ്പിലെങ്കിലും പൊതു ജൈവ മാലിന്യ സംസ്‌കരണ സംവിധാനം സജ്ജമാക്കുന്നതിനും നടപടിയുണ്ടാകണമെന്ന് യോഗം നിർദ്ദേശിച്ചു.