ഇടുക്കി: പാമ്പിനെ പിടിക്കാൻ ഇനിമുതൽ പരിശീലനം സിദ്ധിച്ചവർക്കേ അനുവാദമുള്ളു എന്നതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് പരിശീലന ക്ലാസ് തുടങ്ങി. പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനം ഇടുക്കി അസിസ്റ്റന്റ് ഫോറെസ്റ്റ് കൺസർവേറ്റർ സാബി വർഗീസ് നിർവഹിച്ചു. നോഡൽ ഓഫീസറായ കേരള ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റൂട്ട് അരിപ്പ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് അൻവർ ക്ലാസ്സ് നയിച്ചു. റേഞ്ച് ഫോറെസ്റ്റ് ഓഫീസർ വിനോദ് കുമാർ എംജി പരിപാടിയ്ക്ക് നേതൃത്വം നൽകി.
ഇടുക്കി വെള്ളാപ്പാറ വനംവകുപ്പ് ഡോർമിറ്ററിയിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ 70 പേർപങ്കെടുത്തു.
പരിശീലനം സിദ്ധിച്ച അംഗീകൃത പാമ്പ് പിടിത്തക്കാരുടെ ഒരു ശൃംഖല സൃഷ്ടിക്കുന്നതിനോടൊപ്പം അവരിൽ കൂടുതൽ നൈപുണ്യമികവും ഉത്തരവാദിത്തബോധവും കൃത്യതയും ഉറപ്പാക്കുകയുമാണ് പരിശീലനത്തിലൂടെയും സർട്ടിഫിക്കറ്റ് ഏർപ്പെടുത്തുന്നതിലൂടെയും വകുപ്പ് ലക്ഷ്യമിടുന്നത്. ജീവന് ഭീഷണിയാവുന്ന സാഹചര്യത്തിൽ മാത്രമേ പാമ്പുകളെ പിടികൂടാൻ പാടുള്ളുവെന്നും വിഷരഹിതരായ പാമ്പുകളെ പിടികൂടുന്നത് കഴിവതും ഒഴിവാക്കേണ്ടതാണെന്നും മാർഗരേഖയിൽ നിർദ്ദേശമുണ്ട്.
പാമ്പുകളുടെ വർഗ്ഗീകരണം, ആവാസ വ്യവസ്ഥ, ആഹാര രീതികൾ, തിരിച്ചറിയുന്ന വിധം, സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടുന്ന വിധം, കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, തുടങ്ങി വിവിധ വിഷയങ്ങളിലാണ് പരിശീലനം. പാമ്പ് പിടിത്തത്തിലേർപ്പെടാൻ താൽപര്യമുള്ള 21 വയസ്സിനും 65 വയസ്സിനും ഇടയിൽ സന്നദ്ധ പ്രവർത്തകർക്കാണ് പരിശീലനം നൽകിയത്.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും സുരക്ഷാ ഉപകരണങ്ങളടങ്ങിയ കിറ്റും നൽകും. അഞ്ച് വർഷമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി.
പാമ്പുകളുടെ പാരിസ്ഥിതിക പ്രാധാന്യം, അവയെ തിരിച്ചറിയുന്ന രീതികൾ, പാമ്പുകടി ഒഴിവാക്കാനുള്ള നടപടികൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് അംഗീകൃത പാമ്പ് പിടിത്തക്കാരുടെ സേവനം സംസ്ഥാന വനംവകുപ്പ് ഉപയോഗപ്പെടുത്തും. സംസ്ഥാനത്ത് നടക്കുന്ന പാമ്പുകളുമായി ബന്ധപ്പെട്ട അപകടങ്ങളുടെയും പിടികൂടിയ പാമ്പുകളുടെയും കൃത്യമായ വിവരശേഖരണവും ഇതുവഴി നടപ്പിലാക്കാൻ സാധിക്കും. ഇതിനായി പ്രത്യേക സോഫ്റ്റ് വെയർ തയ്യാറാക്കും.
പാമ്പ് പിടിത്തത്തിലുള്ള അപകടസാദ്ധ്യത കണക്കിലെടുത്ത് അംഗീകൃത പാമ്പ് പിടിത്തക്കാർക്ക് ഗൂപ്പ് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള നടപടികളും വകുപ്പിന്റെ പരിഗണനയിലാണ്. പാമ്പുകളെ ശാസ്ത്രീയമായി പിടികൂടി അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ സുരക്ഷിതമായി വിട്ടയയ്ക്കുയാണ് മാർഗനിർദ്ദേശങ്ങളുടെ ലക്ഷ്യം. പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് 'സർപ്പ' എന്ന മൊബൈൽ ആപ്‌ളിക്കേഷനും ഇതിനോടനുബന്ധിച്ച് പുറത്തിറക്കിയിട്ടുണ്ട്.