തൊടുപുഴ: കേര നിരകളാടും ഒരു ഹരിത ചാരു തീരം എന്ന പ്രശസ്ത ഗാനത്തിന്റെ പാരഡിയായി കേരളത്തിലെങ്ങും മുഴങ്ങുന്ന ഒരു ഗാനമുണ്ട്. ഇനി ഈഗാനം തിരഞ്ഞെടുപ്പ് പ്രചരണത്തിലും മുഴങ്ങും. ഹിറ്റായ ഈ തെരഞ്ഞെടുപ്പു ഗാനം പുറത്തിറങ്ങിയത് ഉടുമ്പന്നൂരിലെ അശ്വതി റിക്കാർഡിംഗ് സ്റ്റുഡിയോയിൽ നിന്നാണ്. വർഷങ്ങളായി പരസ്യപ്രചാരണ രംഗത്ത് പ്രവർത്തിക്കുന്ന അശ്വതി മധുവിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിൽ ഈ തിരഞ്ഞടുപ്പ് കാലത്തും തിരക്കിന് കുറവില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവരും മധുവിനെ തേടിയെത്തുന്നു.
ഉച്ചഭാഷിണിയിലൂടെയുള്ള അനൗൺസ്‌മെന്റിനു പുറമെയാണ് ജനങ്ങളെ ആകർഷിക്കാനായി പുട്ടിന് പീരപോലെ ഹിറ്റ് സിനിമാ ഗാനങ്ങളുടെ പാരഡികൾ ഇറങ്ങുന്നത്.സമകാലിക സംഭവങ്ങൾ കോർത്തിണക്കി സ്ഥാനാർഥിയ്ക്കനുകൂലമായി പാട്ടെഴുതുമ്പോഴും എതിരാളികളെ വേദനിപ്പിക്കുന്ന തരത്തിൽ ഒരു വരി പോലും പാട്ടിലുൾപ്പെടുത്താറില്ല.
വർഷങ്ങളായി അശ്വതി ലൈറ്റ് ആന്റ് സൗണ്ട് എന്ന സ്ഥാപനം നടത്തുകയായിരുന്നു മധു. കേരളത്തിൽ മികച്ച രീതിയിൽ അനൗൺസ്‌മെന്റ് നടത്തിയിരുന്നവരിൽ ഒരാളുമാണ്. ഇതിൽ നിന്നുള്ള വരുമാനം കുറഞ്ഞതോടെയാണ് എട്ടു വർഷം മുൻപ് സ്വന്തമായി റിക്കാർഡിംഗ് സ്റ്റുഡിയോ ആരംഭിച്ചത്. സൗണ്ട് എൻജിനിയറിംഗ് ബിരുദധാരിയായ മകൻ അശ്വിനും ഒപ്പമുണ്ട്. പാട്ടുകളെഴുതുന്നതും സംഗീതം നൽകുന്നതും മധു തന്നെ. പുതിയ അടിപൊളിപ്പാട്ടുകളുടെയും നാടൻ പാട്ടുകളുടെയും മാപ്പിളപ്പാട്ടുകളുടെയും പാരഡികളാണ് തയാറാക്കുന്നത്. മധുവിനു പുറമെ ഗായകനായ കലാഭവൻ സജീവും പാട്ടുകളെഴുതുന്നുണ്ട്. കലാഭവൻ ഡെൽസൻ, കലാഭവൻ സജീവ്, ലൂയിസ് മേലുകാവ്, നസീർ മൂവാറ്റുപുഴ, അജിൽന ജയിംസ്, സീതാലക്ഷ്മി എന്നിവരാണ് ഗായകർ. ഇപ്പോൾ തന്നെ വിവിധ സ്ഥാനാർഥികൾക്കായി അമ്പതോളം ഗാനങ്ങൾ ഇവർ തയാറാക്കി കഴിഞ്ഞു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മധു തയാറാക്കിയ പാരഡിപ്പാട്ടുകൾ വലിയ ജനപ്രീതി നേടിയിരുന്നു. ഇതിനു പുറമെ സംഗീത ആൽബങ്ങളും പുറത്തിറക്കുന്നുണ്ട്.