തൊടുപുഴ: ജില്ലയിലെ ഭൂമിസംബന്ധമായ വിഷയങ്ങളിൽ പരിഹാരമാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തൊടുപുഴ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച തൊടുപുഴയിൽ ഏകദിന ഉപവാസസമരം സംഘടിപ്പിക്കും. 1964 ലേയും 1993 ലേയും ഭൂപതിവുചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമ്മാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക, ജില്ലയിലെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുക, കർഷക വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, സർവ്വകക്ഷിയോഗ തീരുമാനങ്ങൾ നടപ്പിലാക്കുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപവാസസമരം നടത്തുന്നത്. രാവിലെ പത്തിന് ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ സമരം ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ചാക്കോ അദ്ധ്യക്ഷത വഹിക്കും.
ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഹസ്സൻ, നേതാക്കളായ സി.കെ. മോഹനൻ, കെ.ആർ. വനോദ്, പി.എം. ബേബി തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ ട്രഷറർ സണ്ണി പൈമ്പിള്ളി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തൊടുപുഴ ബ്ലോക്കിലെ വിവിധ യൂണിറ്റ് ഭാരവാഹികൾ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സമരത്തിൽ പങ്കെടുക്കമെന്ന് ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ചാക്കോ, ജനറൽ സെക്രട്ടറി ആർ. രമേഷ് എന്നിവർ അറിയിച്ചു.