തൊടുപുഴ: ട്രക്കിയോ മലേസിയ എന്ന അപൂർവ്വ രോഗാവസ്ഥയിൽ മാസം തികയാതെ ജനിച്ച ശിശു പൂർണ്ണ ആരോഗ്യത്തോടെആശുപത്രി വിട്ടു.ഉടുമ്പന്നൂർ സ്വദേശികളായ ദമ്പതികളുടെ ആറര മാസം മാത്രം തികഞ്ഞ് ജനിച്ച പെൺ കുഞ്ഞാണ് ട്രക്കിയോമലേസിയ എന്ന അപൂർവ്വരോഗാവസ്ഥയിൽ നിന്ന് പൂർണ്ണ ആരോഗ്യത്തോടെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ നിന്നും കഴിഞ്ഞ ദിവസം ഡിസ്ചാർജ്ജ് ആയത്. ഒരു കിലോഗ്രാം മാത്രമായിരുന്നു കുട്ടിയുടെ ജനന സമയത്തെ ശരീരഭാരം. പ്രീടേം കുട്ടികളിൽ കാണുന്ന ആർ.ഡി.എസ്. മൂലം ജനിച്ച ഉടൻ തന്നെ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടതായി വന്നു. മൂന്നാം ദിവസം മുതൽ ശ്വാസകോശത്തിന് വികാസം ലഭിക്കുകയും കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ട്രക്കിയോമലേസിയ എന്ന ശ്വാസനാളത്തിന് ബലക്കുറവുണ്ടാകുന്ന രോഗാവസ്ഥ കാരണം ഓരോ തവണ വെന്റിലേറ്ററിൽ നിന്ന് മാറ്റുമ്പോഴും ശ്വാസകോശം തകരാറിലാകുന്ന അവസ്ഥയിൽ ആയിരുന്നു നാലാമത്തെ ആഴ്ചയാണ് കുട്ടിയെ പൂർണ്ണമായും വെന്റിലേറ്ററിൽ നിന്നും മാറ്റാൻ സാധിച്ചത്. ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായപ്പോൾ സാധാരണ ഫീഡിംഗിനൊപ്പം കുഞ്ഞിന് കൊടുക്കേണ്ട സ്‌പെഷ്യൽ ഫീഡിംഗ് ടെക്‌നിക്‌സ് അമ്മയെ പഠിപ്പിച്ചു. ജനന ശേഷം 60 ദിവസത്തോളം അമ്മയും കുഞ്ഞും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൾട്ടി സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്ന നിലയിൽ എല്ലാവിധ അത്യാധുനിക സംവിധാനങ്ങളും ചികിത്സക്കായി ഉപയോഗപ്പെടുത്തി. ഗൈനക്കോളജി, പീഡിയാട്രിക്‌സ് വിഭാഗങ്ങളിലെ ഡോക്ടർമാരും ഐ.സി.യു ആൻഡ് ക്രിട്ടിക്കൽ കെയർ വിഭാഗങ്ങളിലെ സ്റ്റാഫുകളും സംയുക്തമായി ഈ കുരുന്ന് ജീവൻ രക്ഷിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തതിന്റെ ഫലമായിട്ടാണ് കുഞ്ഞിനെ ആരോഗ്യത്തോടെ ഡിസ്ചാർജ്ജ് ചെയ്യാൻ സാധിച്ചത്.