prathishedham

ചെറുതോണി:- കഞ്ഞിക്കുഴി, ഇടുക്കി വില്ലേജുകളിൽ പട്ടയംനൽകുന്നതിനെതിരെ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന ജില്ലാകളക്ടർ, തഹസിൽദാർ ഉൾപ്പെടെ 10 പേർക്ക് വക്കീൽ നോട്ടീസയച്ചതിൽ വ്യാപകമായ പ്രതിഷേധം. കഞ്ഞിക്കുഴി പഞ്ചായത്തിൽ എണ്ണായിരത്തിയഞ്ഞൂറ് പേർക്കും, വാഴത്തോപ്പിൽ രണ്ടായിരത്തോളം പേർക്കും ഇപ്പോഴും പട്ടയം ലഭിക്കാനുണ്ട്. വർഷങ്ങളായി പട്ടയംനൽകണമെന്നാവശ്യപ്പെട്ട് മാറിമാറി വരുന്ന സർക്കാരുകൾക്ക് നിവേധനം നൽകുകയും, നിരവധിസമരങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് നിവിലുള്ള സർക്കാരാണ് പട്ടയംനൽകാൻ തീരുമാനിച്ചത്. ജില്ലാകളക്ടർ എച്ച്. ദിനേശൻ, തഹസിൽദാർ വിൻസന്റ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കഠിനപ്രയത്‌നത്തിലൂടെയാണ് പട്ടയനടപടികൾ പൂർത്തിയാക്കിയത്. ഇതനുസരിച്ച് നടപടികൾ പൂർത്തിയാക്കുകയും ഏതാനും പേർക്ക് പട്ടയം നൽകുകയും ചെയ്തിരുന്നു. ബാക്കിയുള്ളവരുടെ നടപടികൾ നടന്നുവരുന്ന തിനിടെയാണ് വൺഎർത്ത് വൺഇന്ത്യ എന്ന സംഘടനയുടെ പേരിൽ വക്കീൽനോട്ടീസെത്തിയത്. ഇതറിഞ്ഞതോടെ കർഷകർ പ്രതിഷേധം നടത്തുകയായിരുന്നു..കഞ്ഞിക്കുഴി വില്ലേജ് കർഷകസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരത്തിനൊരുങ്ങുകയാണ്. നിയമനടപടികളുമായി മുന്നോട്ടുപോയാൽ കക്ഷിചേരുമെന്ന് ചെയർമാൻ ബിജുപുരുഷോത്തമൻ, കൺവീനർ ബിനു പുന്നയാർ എന്നിവർ പറഞ്ഞു. കഞ്ഞിക്കുഴിയിലെ സ്ത്രീകളുൾപ്പെടെയുള്ള കർഷകർ പരിസ്ഥിതിപ്രവർത്തകരുടെ കോലം കത്തിച്ചു.ഭാരവാഹികളായ ജോയി വരിയ്ക്കമാക്കിൽ, ബെന്നി കണ്ണംപ്ലാക്കൽ, ജോസഫ് കണ്ണംപ്ലാക്കൽ, ജോയി വരിക്കയിൽ, ജോസഫ് ചിലമ്പിൽ എന്നിവർ നേതൃത്വം നൽകി.