ചെറുതോണി: ഇടുക്കിയിലെ പട്ടയ വിതരണം അട്ടിമറിക്കുന്നതിന് പിന്നിൽ കോൺഗ്രസും പി.ടി. തോമസുമാണെന്ന് കർഷക സംഘം ജില്ലാ പ്രസിഡന്റ് സി.വി. വർഗീസും സെക്രട്ടറി എൻ.വി. ബേബിയും വാർത്താക്കുറിപ്പിൽ പറഞ്ഞു. എറണാകുളം കേന്ദ്രീകരിച്ചുള്ള കപട പരിസ്ഥിതി സംഘടനകളും കോൺഗ്രസ്സ് നേതാക്കളും ചേർന്നാണ് ഇടുക്കിയിലെ കർഷകർക്കെതിരെ ഗൂഢാലോചന നടത്തുന്നത്. പി.ടി. തോമസിന്റെയും ഹരീഷ് വാസുദേവന്റെയും പിൻബലത്തിലുള്ള വൺഎർത്ത് വൺലൈഫ് എന്ന സംഘടനയാണ് വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ പട്ടയവിതരണത്തിനെതിരെ ജില്ലാ കളക്ടർക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുള്ളത്. ഇടുക്കിയിലെ പട്ടയം റദ്ദ് ചെയ്യണമെന്നും സിഎച്ച്ആർ ഏലമല പ്രദേശം വനമാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന കേസുകൾ നൽകിയിട്ടുള്ളതെല്ലാം കോൺഗ്രസ്സിന്റെ രാഷ്ട്രീയ പിൻബലത്തിന്റെയടിസ്ഥാനത്തിലാണ്. വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ 60 വർഷത്തോളമായി കർഷകർ പട്ടയത്തിനായി കാത്തിരിക്കുകയാണ്. നിരവധി തവണ ഭരണത്തിൽ വന്നിട്ടും കോൺഗ്രസ്സ് കർഷകർക്ക് പട്ടയം നിഷേധിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. എന്നാൽ പിണറായി സർക്കാർ കർഷകർക്ക് നൽകിയ വാക്ക് പാലിക്കുകയും ഉപാധിരഹിത പട്ടയം കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിൽ അസഹിഷ്ണുതയും അസൂയയും പൂണ്ട കോൺഗ്രസ്സ് നേതൃത്വമാണ് പരിസ്ഥിതി സംഘടനകളെകൊണ്ട് കേസ് കൊടുപ്പിക്കുന്നത്. കപട പരിസ്ഥിതിവാദികളെ കൂട്ടുപിടിച്ചുകൊണ്ടുള്ള ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കർഷക സംഘം നേതാക്കൾ പറഞ്ഞു. തങ്ങൾക്ക് പട്ടയം നൽകിയ സർക്കാരിനോടുള്ള ജനങ്ങളുടെ കൂറും പ്രതിബദ്ധതയും യുഡിഎഫിന് തിരിച്ചടിയാകുമെന്ന വിഭ്രാന്തിയാണ് പൊടുന്നനവെ വക്കീൽ നോട്ടീസ് അയക്കാൻ പ്രേരകമായിട്ടുള്ളതെന്നും നേതാക്കൾ പറഞ്ഞു. കോൺഗ്രസ്സിന്റെ കർഷക വിരുദ്ധ സമീപനം തുറന്നു കാണിക്കുമെന്നും കർഷകരെ ഒന്നായി അണിനിരത്തി വമ്പിച്ച പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും നേതാക്കൾ അറിയിച്ചു.