തൊടുപുഴ​​: തൊടുപുഴ സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പുതിയ ബ്രാഞ്ച് ഉദ്ഘാടനം 16ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച മണക്കാട് ജംഗ്ഷനിലുള്ള പുതിയ ശാഖയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ എം ബാബു നിർവഹിക്കും. ഡയറക്ടർ ബോർഡ്‌ അംഗം ആർ ഹരി അദ്ധ്യക്ഷനാകും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ പുതിയ സ്ട്രോംഗ് റൂ ഉദ്ഘാടനം ഡയറക്ടർ കെ സലിം കുമാറും, ആദ്യ നിക്ഷേപ സ്വീകരണം ഡയറക്ടർ കെ പി ഹരീഷും നടത്തും. ബാങ്ക് ആരംഭിക്കുന്ന പുതിയ നീതി സ്റ്റോർ ഉദ്‌ഘാടനം നവംബർ അവസാനത്തോടെ ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു. തൊടുപുഴ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ കളരിക്കൽ ബിൽഡിംഗ്‌സിൽ പ്രവർത്തിച്ചുവരുന്ന പ്രഭാതസായാഹ്ന ശാഖയുടെ പ്രവർത്തനം തുടർച്ചയായി 12 മണിക്കൂർ സേവനം ലഭ്യമാകുന്ന വിധത്തിൽ രാവിലെ 8 മുതൽ വൈകിട്ട് 8 മണി വരെ പ്രവർത്തന സമയം പുനഃക്രമീകരിച്ചുകൊണ്ടാണ് പുതിയ ബ്രാഞ്ചിൽ പ്രവർത്തനം ആരംഭിയ്ക്കുന്നത്. 1925 ജൂൺ 14 ന് പരസ് പരസഹായ സഹകരണ സംഘം എന്ന പേരിൽ കോലാനിയിൽ പ്രവർത്തനം ആരംഭിച്ച് 1962 മുതൽ കോലാനി സർവ്വീസ് സഹകരണ ബാങ്ക് എന്ന പേരിലേക്ക് മാറ്റുകയും ചെയ്തു. 1974 ൽ ടൗണിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1988 ൽ പുതിയ മന്ദിരത്തിൽ ഹെഡ് ആഫീസ് പ്രവർത്തനം ആരംഭിച്ചു. ഇടപാടുകാർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യം നൽകുന്നതിനായി പ്രഭാത സായാഹ്ന ശാഖ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്തുളള കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. 1999 ൽ തൊടുപുഴ പാലാ റോഡിൽ നീതി മെഡിക്കൽ സ്‌റ്റോർ ആരംഭിച്ചു. 2012 ൽ രണ്ടാമത് ശാഖ കോലാനിയിൽ പ്രവർത്തനം ആരംഭിച്ചു. സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുമായി ബന്ധപ്പെട്ട്, ഭക്ഷ്യസുരക്ഷയൊരുക്കുന്ന കർഷകർക്കൊരു കൈത്താങ്ങ് എന്ന നിലയിൽ കോലാനിയിലുള്ള മന്ദിരത്തിൽ കർഷക ഓപ്പൺ മാർക്കറ്റ് ആരംഭിച്ചു. 9655 അംഗങ്ങളും 84.79 കോടി രൂപ നിക്ഷേപവും 88.35 കോടി രൂപ പ്രവർത്തനമൂലധനവും ബാങ്കിനുണ്ട്. റിപ്പോർട്ട് വർഷം 80 ലക്ഷം രൂപയോളം പ്രവർത്തനലാഭം നേടാനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 25 വർഷമായി തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുകയും അംഗങ്ങൾക്ക് ലാഭവിഹിതം നൽകിവരികയും ചെയ്യുന്ന ബാങ്കിന് ജില്ലയിലെ ഏറ്റവും മികച്ച ബാങ്ക് എന്ന നിലയിൽ അവാർഡുകൾ പല തവണ നേടാൻ കഴിഞ്ഞതായും ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് കെ എം ബാബു, ഡയറക്ട് ബോർഡ് മെമ്പർ കെ. പി. ഹരീഷ്, സെക്രട്ടറി പി. ജയശ്രീ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.