തൊടുപുഴ: തിരഞ്ഞെടുപ്പ് ആരവങ്ങൾ ഉയരേണ്ട സമയത്തും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അനിശ്ഛിതത്വം മാറാതെ മുന്നണികൾ. യു. ഡി. എഫിൽ കേരളാ കോൺഗ്രസിലെ മുന്നണി മാറ്റവുമായി ഉണ്ടായ പ്രശ്നങ്ങളാണ് യു. ഡി. എഫ്, എൽ. ഡി. എഫ് മുന്നണികളിൽ പ്രശ്നങ്ങൾക്ക് കാരണമായിട്ടുള്ളത്. ജോസ് വിഭാഗം യു. ഡി. എഫ് വിട്ട് എൽ. ഡി. എഫിലെത്തിയപ്പോൾ അവിടെ സീറ്റുകൾ വീതംവയ്ക്കുന്നതിൽ പ്രതിസന്ധിയുണ്ടായി. നിലവിൽ തങ്ങൾ മത്സരിച്ച്പോന്ന സീറ്റുകളിൽ ഏതൊക്കെ ജോസ് വിഭാഗത്തിന് നൽകണമെന്ന കാര്യം കീറാമുട്ടിയായി. എന്നാൽ പരസ്പര ധാരണയും മുന്നണിയിലേയ്ക്ക് പുതിയതായി വന്ന കക്ഷി എന്നനിലയിൽ നേതൃത്വം ഇടപെട്ട് നീക്ക്പോക്കുകൾ നടത്തിവരുകയാണ്. ജോസ് വിഭാഗം മുന്നണി വിട്ടപ്പോൾ അധികംവന്ന സീറ്റുകൾ സംബന്ധിച്ച് യു. ഡി. എഫിലും പ്രതിസന്ധി രൂപംകൊണ്ടു. വിട്ട് പോയത് ഒരു കക്ഷിയല്ലെന്നും തങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു ചെറിയ വിഭാഗം മാത്രമാണെന്നും അതിനാൽ മുൻകാലങ്ങളിൽ കേരളാ കോൺഗ്രസിന് ലഭിച്ച സീറ്റുകൾ തങ്ങൾക്ക് അവകാശപ്പെട്ടതാണന്ന ജോസഫ് വിഭാഗത്തിന്റെ വാദത്തോട് ഇനിയും യു. ഡി. എഫ് നേതൃത്വം പൂർണ്ണമായും ഉൾക്കൊണ്ടിട്ടില്ല. എന്നാൽ എൻ. ഡി. എ യിൽ പറയത്തക്ക പ്രശ്നങ്ങൾ നിലവിലില്ല.

തൊടുപുഴ മുനിസിപ്പാലിറ്റിയിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥി ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇന്നലെ മുസ്ളിം ലീഗിന്റെ ലിസ്റ്റും തയ്യാറായി.

19 വരെ നാമനിർദേശ പത്രികകൾ നൽകുന്നതിന് അവസരമുള്ളതിനാൽ വരും ദിവസങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കി യു. ഡി. എഫ് , എൽ. ഡി. എഫ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാകുമെന്നാണ് ഇരുമുന്നണികളും പ്രതീക്ഷിക്കുന്നത്. സ്ഥാനാർത്ഥികളുടെ ലിസ്റ്റ് അംഗീകരിച്ച ഇടങ്ങളിൽ പ്രചരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെങ്കിലും ആരംഭിച്ചിട്ടുണ്ട്.