തൊടുപുഴ: സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെതിരെ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ മേഖലാ സമ്മേളനങ്ങളിൽ ശക്തമായ പ്രതിഷേധം ശാഖാ ഭാരവാഹികൾ രേഖപ്പെടുത്തി. തൊടുപുഴ യൂണിയന്റെ നേതൃത്വത്തിൽ അഞ്ച് മേഖലകളായി തിരിച്ച് ശാഖാ പ്രസിഡന്റ്, സെക്രട്ടറി എന്നീ ഭാരവാഹികളെ വിളിച്ച് ചേർത്ത് നടത്തിയ സമ്മേളനം പൂർത്തിയായി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രവർത്തനങ്ങൾക്ക് ശാഖാ ഭാരവാഹികൾ പൂർണ പിന്തുണ ഉറപ്പ് നൽകി. തൊടുപുഴ യൂണിയന്റെ അഭിമാനമായി മാറിയ കഞ്ഞിക്കുഴി ഹൈസ്‌കൂൾ നിർമ്മാണം ഏഴ് മാസും കൊണ്ട് ബാധ്യതയില്ലാതെ പൂർത്തിയാക്കുമെന്ന് യൂണിയൻ കൺവീനർ വി. ജയേഷ് പറഞ്ഞു. ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രാങ്കണത്തിൽ ഗുരുദേവ ക്ഷേത്ര നിർമ്മാണവും പ്രാർത്ഥനാ മന്ദിര നിർമ്മാണവും ഉടൻ ആരംഭിക്കും. മേഖലാ സമ്മേളനത്തിൽ ഗുരുദേവ ക്ഷേത്ര നിർമ്മാണത്തിന് പൂർണ പിന്തുണ ശാഖാ ഭാരവാഹികൾ ഉറപ്പ് നൽകി. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമന്റെ അദ്ധ്യക്ഷതയിൽ കൂടിയ മേഖല യോഗങ്ങൾ ടൗൺ മേഖല ചെയർമാൻ എ.ജി. തങ്കപ്പൻ,​ കുടയത്തൂർ മേഖല കൺവീനർ ജയേഷ്.​ വി, വഴിത്തല, വണ്ണപ്പുറം മേഖല ഡയറക്ടർ ബോർഡ് അംഗം ഷാജി കല്ലറയിൽ എന്നിവർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റി അംഗം ബെന്നി ശാന്തി, വനിതാ സംഘം പ്രസിഡന്റ് ഗിരിജ ഉടുമ്പന്നൂർ, സെക്രട്ടറി സ്മിത ഉല്ലാസ്, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി ശരത്, യൂണിയൻ പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.