തൊടുപുഴ: പഞ്ചായത്ത്‌ സെക്രട്ടറിയും കൊവിഡ് സെക്ടറല്‍ മജിസ്‌ട്രേറ്റും തമ്മിലുള്ള തർക്കത്തെ തുടർന്ന് കുമാരമംഗലം പഞ്ചായത്തിൽ കൊവിഡ് പ്രവർത്തനങ്ങൾ താളം തെറ്റുന്നു. കൊവിഡ് ഡ്യൂട്ടിക്കായി കുമാരമംഗലം പഞ്ചായത്തില്‍ നിയോഗിച്ച സെക്ടറല്‍ മജിസ്‌ട്രേറ്റായ കൃഷി ആഫീസര്‍ തനിക്ക് വാഹന സൗകര്യം പഞ്ചായത്ത് സെക്രട്ടറി നിഷേധിക്കുന്നതായി തൊടുപുഴ താഹസീൽദാർക്ക് പരാതി നൽകിയിരുന്നു. വാഹന സൗകര്യം ലഭ്യമല്ലാത്തിനാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെന്നും പരാതിയിൽ പറയുന്നു. ഓരോ പഞ്ചായത്തിലും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായി ഗസറ്റഡ് ഓഫീസര്‍മാരെ നിയോഗിച്ചതിനൊപ്പമാണ് കുമാരമംഗലത്ത് കൃഷി ആഫീസറെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി നിയോഗിച്ചത്. പഞ്ചായത്ത് സെക്രട്ടറിയ്ക്കാണ് വാഹനം ഏര്‍പ്പാടാക്കാനുള്ള ഉത്തരവാദിത്വമെങ്കിലും ഇവര്‍ നടപടിയെടുക്കില്ലെന്നാണ് ആക്ഷേപം. പഞ്ചായത്തില്‍ നിന്ന് വാഹനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കത്ത് കിട്ടിയെങ്കിലും കൃത്യമായി വാഹന സൗകര്യം ലഭിക്കുന്നില്ലെന്നാണ് കൃഷി ആഫീസറുടെ പരാതി. അപൂര്‍വം ദിവസങ്ങളില്‍ മാത്രമാണ് വാഹനം ലഭിക്കുന്നത്. തങ്ങള്‍ നിര്‍ദേശിക്കുന്ന സമയത്ത് മാത്രമേ വാഹനം ഉപയോഗിക്കാവൂ എന്നും ഈ സമയം ഇ- മെയില്‍ വഴി അറിയിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി നല്‍കിയ മറുപടിയില്‍ പറയുന്നു. പഞ്ചായത്ത് വാഹനം ഇല്ലെങ്കിൽ നിര്‍ദേശിച്ചിരിക്കുന്ന സ്വകാര്യ വാഹനം ഉപയോഗിക്കാം. എന്നാൽ ഇതിനായി ദിവസേന 1500 രൂപ മാത്രമേ അനുവദിക്കൂ.

"പഞ്ചായത്തിൽ നിന്ന് വാഹനം വിട്ട് കൊടുത്തിട്ടുണ്ട്. അതിന്റെ രേഖകളും ഉണ്ട്. വിഷയം സംബന്ധിച്ച് കളക്ടർ ഫോണിൽ വിളിച്ച് വിശദീകരണം ചോദിച്ചിരുന്നു. അദ്ദേഹത്തെ വിവരം ബോധിപ്പിച്ചിട്ടുണ്ട്. "

- പഞ്ചായത്ത് സെക്രട്ടറി ഷേർളി ജോൺ