ഇടുക്കി: കഞ്ഞിക്കുഴി, ഇടുക്കി വില്ലേജുകളിലെ പട്ടയ വിതരണ നടപടികൾ തടസപ്പെടുത്താനുള്ള ചില കേന്ദ്രങ്ങളുടെ നീക്കം കുടിയേറ്റ കർഷകരോടുള്ള വെല്ലുവിളിയാണെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. അനാവശ്യ വിവാദങ്ങൾ ഉയർത്തി പട്ടയ വിതരണം തടസപ്പെടുത്താനുള്ള നീക്കം അനുവദിക്കാനാകില്ല. പട്ടയ വിതരണം നിറുത്തി വയ്ക്കണമെന്നും വിതരണം ചെയ്തവ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത് പ്രതിഷേധാർഹമാണ്. വർഷങ്ങളായി പട്ടയത്തിനായി കാത്തിരിക്കുന്ന ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിലെ കർഷകർക്ക് പട്ടയം ലഭ്യമാക്കണമെന്നു വർഷങ്ങളായി എല്ലാ രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെടുന്നു. കുടിയേറ്റ കർഷകരുടെ ഭൂമി വനഭൂമിയാണെന്നു വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ല. അർഹരായ മുഴുവൻ കർഷകർക്കും പട്ടയം ലഭ്യമാക്കണമെന്ന് ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു.