തൊട്ടുപുഴ: അനുമതി ഇല്ലാതെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നവർക്ക് പാർട്ടി ചിഹ്നം അനുവദിക്കില്ലെന്നും അത്തരക്കാർ പാർട്ടി നടപടിയ്ക്ക് വിധേയരാകേണ്ടി വരുമെന്നും ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. അംഗീകാരമില്ലാതെയോ സ്വയമോ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടു ത്തിയിട്ടുള്ളവർ അവ പിൻവലിച്ചില്ലെങ്കിൽ കർശനമായ നടപടികൾ സ്വീകരിക്കും. ജില്ലയിൽ കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരികയാണ്. കെ.പി.സി.സി നിർദ്ദേശാനുസരണം രൂപീകരിച്ചിട്ടുള്ള സ്ഥാനാർത്ഥി നിർണയ സമിതികളാണ് ഇതിന്റെ ചുമതല വഹിക്കുന്നത്. യോഗ്യരായ ഒട്ടനവധി ആളുകൾ ഉള്ളതു കൊണ്ട് വാർഡ് കമ്മിറ്റികളുടെ നിർദ്ദേശങ്ങൾ വിലയിരുത്തിയാണ് വിവിധ സമിതികൾ സ്ഥാനാർത്ഥികളെ കണ്ടെത്തുക. 16 മുതൽ സി.സി.സി അംഗീകാരം നൽകുന്ന സ്ഥാനാർത്ഥികൾ പത്രികാസമർപ്പണം നടത്തുമെന്നും പ്രസിഡന്റ് അറിയിച്ചു.