ചെറുതോണി: ചെറുതോണി ബസ് സ്റ്റാൻഡ് നിർമ്മാണത്തിന്റെ ഭാഗമായി തീയറ്റർ പടിയിലേക്ക് ട്രാൻസ്‌ഫോമർ മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ജില്ലാ പഞ്ചായത്ത് ട്രാൻസ്‌ഫോമർ മാറ്റുന്നതിന് വേണ്ടിയുള്ള തുക നേരത്തെ തന്നെ കെ.എസ്.ഇ.ബിയിൽ അടച്ചിരുന്നു. ഇത് പ്രകാരമാണ് പുതിയ ബസ്റ്റാൻഡ് നിർമ്മിക്കുന്ന സ്ഥലത്ത് നിന്ന് ട്രാൻസ്‌ഫോമർ മാറ്റിസ്ഥാപിക്കാൻ വൈദ്യുതി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ തീയേറ്റർ ജംഗ്ഷനിൽ നിലവിൽ ഒരു ട്രാൻസ്‌ഫോമർ പ്രവർത്തിക്കുന്നുണ്ട്. ഇതേ ട്രാൻസ്‌ഫോർമറിന് സമീപത്തേക്ക് തന്നെയാണ് പൊലീസ് സ്റ്റേഷനു സമീപത്ത് ഇരിക്കുന്ന ട്രാൻസ്‌ഫോർ മാറ്റി സ്ഥാപിക്കുന്നത്. ചെറുതോണി ടൗണിൽ ഉൾപ്പെടെ വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയിട്ടാണ് നിലവിൽ ഈ ട്രാൻസ്‌ഫോമർ പ്രവർത്തിക്കുന്നത്. എന്നാൽ ടൗണിലാണ് ഈ ട്രാൻസ്‌ഫോമർ സ്ഥാപിക്കേണ്ടതെന്നും തീയേറ്റർ ജംഗ്ഷനിൽ സ്ഥാപിക്കുന്നത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമാണെന്ന് ആക്ഷേപമുണ്ട്. ഇതിനെതിരെ വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്.