ചെറുതോണി: കഞ്ഞിക്കുഴിയിലെ പട്ടയ വിതരണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി പരിസ്ഥിതിവാദികൾ ഹൈക്കോടതിയെ സമീപിച്ചത് പാവപ്പെട്ട കർഷകരുടെ പട്ടയ സ്വപ്നങ്ങളെ തുലാസിൽ ആക്കിയിരിക്കുകയാണ്. പട്ടയം കിട്ടും എന്നുള്ള പ്രതീക്ഷയിൽ 1000 മുതൽ 50,000 രൂപ വരെ സ്വകാര്യ സർവേയർമാർക്ക് നൽകി കാത്തിരുന്ന കർഷകർക്ക് ഇപ്പോൾ ആവലാതിയാണ്. ഇതിനെതിരെ കഞ്ഞിക്കുഴിയിലെ കർഷകർ കഴിഞ്ഞദിവസം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പട്ടയം നൽകാൻ സർക്കാർ കാണിച്ച തിടുക്കമാണ് കഞ്ഞിക്കുഴിയിലെ കർഷകരുടെ പട്ടയ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയതെന്ന് ആക്ഷേപമുണ്ട്. നഗരംപാറ റിസർവ്, കാർഡമം ഹിൽ റിസർവ്, കണ്ണൻദേവൻ ഈ മൂന്നു സ്ഥലങ്ങളിലും 1993ലെ റൂൾ അനുസരിച്ചാണ് പട്ടയം നൽകേണ്ടത്. ഇതിൽ നഗരംപാറ റിസർവിൽ പെട്ടതാണ് കഞ്ഞിക്കുഴി. കഴിഞ്ഞ നാലിന് കഞ്ഞികുഴിയിൽ നടത്തിയ പട്ടയമേളയിൽ 1964 റൂൾ പ്രകാരമാണ് പട്ടയം നൽകിയത്. പട്ടയ നടപടികളിൽ അടിസ്ഥാന നികുതി രജിസ്റ്റർ (ബി.ടി.ആർ) തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന നടപടിക്രമങ്ങൾ പാലിക്കാതെയാണ് പട്ടയം നൽകിയിരിക്കുന്നത്. ബി.ടി.ആർ തയ്യാറാകാത്തതിനാൽ കൈവശക്കാരന്റെ സ്ഥലം നിലമോ പുരയിടമോ എന്ന് തരംതിരിക്കാൻ ആവാത്തത് ഗുരുതരമായ വീഴ്ചയാണ്. മാത്രമല്ല പുന്നയാർ സെറ്റിൽമെന്റ് എന്ന പേരിൽ 2014 കാലഘട്ടത്തിൽ വനാവകാശ പ്രകാരം ആദിവാസികൾക്ക് കൈവശ രേഖകൾ നൽകുകയും ചെയ്തിട്ടുണ്ട്. ഈ വനാവകാശം ഇപ്പോഴും നിലനിൽക്കുന്നു. വനാവകാശം റദ്ദ് ചെയ്യാതെ ആദിവാസികൾക്ക് പട്ടയം നൽകാനാവില്ല. ഇതുകൊണ്ട് പട്ടയ മേളയിൽ വനാവകാശം ഇല്ലാത്ത ആദിവാസികൾക്ക് മാത്രമാണ് പട്ടയം നൽകിയിട്ടുള്ളത്. നടപടിക്രമങ്ങൾ പാലിച്ച് നിയമസാധുതയുള്ള പട്ടയം ലഭ്യമാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
1993ലെ റൂൾസ്
1977ന് മുമ്പ് വനഭൂമി ആയിരുന്നതും കൈയേറ്റം കൊണ്ടോ മറ്റോ സ്വാഭാവികത നഷ്ടപ്പെട്ടതുമായ (വിള പരിവർത്തനം വരുത്തിയ കാർഡമം കൾട്ടിവേഷൻ ഏരിയ) ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനക്ക് ശേഷം അവകാശപ്പെട്ട കുടിയേറ്റക്കാരന് പട്ടയം നല്കുന്ന രീതി.
1964ലെ റൂൾസ്
സർക്കാർ അധീനതയിലുള്ള പുറമ്പോക്ക്, തരിശ്, റവന്യൂ ഭൂമികൾ എന്നിവിടങ്ങളിൽ നിരുപാധികം പട്ടയം നൽകാനുള്ള ഉത്തരവ്.