ഇടുക്കി: കടുത്ത പോരാട്ടത്തിനാണ് ഇത്തവണ ജില്ലാ പഞ്ചായത്ത് ഒരുങ്ങുന്നത്. ജോസ് വിഭാഗത്തിന്റെ ബലത്തിൽ എങ്ങനെയും അധികാരം തിരികെ പിടിക്കാൻ എൽ.ഡി.എഫും ജോസഫ് ഗ്രൂപ്പിനെ മുൻനിറുത്തി ഭരണം നിലനിറുത്താൻ യു.ഡി.എഫും ശക്തമായി മത്സരിക്കുന്ന കാഴ്ചയാണ് കാണാനുള്ളത്. തുടർച്ചയായ മൂന്ന് തവണ ഇടതിനൊപ്പം നിന്ന ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ രണ്ടു തവണയായി യു.ഡി.എഫാണ് അധികാരം കൈയാളുന്നത്. രാജകുമാരി ഡിവിഷനിൽ നിന്നുള്ള കൊച്ചുത്രേസ്യ പൗലോസായിരുന്നു ഇത്തവണ പ്രസിഡന്റ്. ഇതിന് മുമ്പുള്ള നാലു തവണയും മുന്നണി ധാരണയനുസരിച്ച് പല പ്രസിഡന്റുമാർ മാറി ഭരിക്കുകയായിരുന്നു. ഘടകകക്ഷിക്ക് വനിതകൾ ഇല്ലാതെ വന്നതോടെയാണ് വനിത പ്രസിഡന്റിന് സംവരണം ചെയ്ത സ്ഥാനത്ത് കൊച്ചുത്രേസ്യ അഞ്ചു വർഷം തികച്ചത്. 16 ഡിവിഷനുകളാണ് ജില്ലാ പഞ്ചായത്തിനുള്ളത്. 2010 ൽ നടന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും യു.ഡി.എഫ് തൂത്തുവാരി. എന്നാൽ 2015ൽ ഇടതിനൊപ്പം ഹൈറേഞ്ച് സംരക്ഷണസമിതി ചേർന്നതോടെ ചിത്രം മാറി. യു.ഡി.എഫ് 10 സീറ്റു നിലനിറുത്തിയപ്പോൾ ഇടതുപക്ഷം ആറു സീറ്റ് പിടിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെ ഇടതു സ്വതന്ത്രനായി മത്സരിച്ച നോബിൾ ജോസഫ് പിന്നീട് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലേക്ക് വന്നതോടെ യു.ഡി.എഫ് അംഗബലം പതിനൊന്നായി. ഹൈറേ‌ഞ്ച് സംരക്ഷണ സമിതിയുടെ പ്രസക്തി നഷ്ടമായെങ്കിലും ജോസ് വിഭാഗം ഒപ്പമെത്തിയതിന്റെ ആവേശത്തിലാണ് ഇടതുപക്ഷം. എന്നാൽ ഇത്തവണയും അധികാരം നിലനിറുത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. കഴിഞ്ഞ തവണ ജോസ് വിഭാഗം മത്സരിച്ചതടക്കം അഞ്ച് സീറ്റും വേണമെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യം നീണ്ട ചർച്ചകൾക്കൊടുവിൽ കോൺഗ്രസ് അംഗീകരിച്ചിട്ടുണ്ട്. ബാക്കി 11 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. എന്തായാലും ഇത്തവണ പോരാട്ടം തീ പാറുമെന്ന് ഉറപ്പ്.