തൊടുപുഴ: സുരക്ഷാ മേഖലയായ മലങ്കര അണക്കെട്ടിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഒരു നിയന്ത്രണവുമില്ലെന്ന ആക്ഷേപം ശക്തം. ഏറെ ജാഗ്രതയോടെ സംരക്ഷിക്കപ്പെടേണ്ട മേഖലയാണ് മലങ്കര അണക്കെട്ടും ചുറ്റുമുള്ള പ്രദേശങ്ങളും. ഇടുക്കി എ.ആർ ക്യാമ്പിലെ നാല് പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇവിടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. അണക്കെട്ടിന്റെ പരിധിയിൽ ഫോട്ടോയും വീഡിയോയും എടുക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുമുണ്ട്. എന്നാൽ അണക്കെട്ട് സന്ദർശിക്കാൻ എത്തുന്നവർ ഒരു നിയന്ത്രണങ്ങളും ഇല്ലാതെ അണക്കെട്ടിന്റെയും ചുറ്റ് പ്രദേശങ്ങളുടെയും ഫോട്ടോയും വീഡിയോയും വ്യാപകമായി എടുക്കുന്നുണ്ട്. ചിലർ ഒറ്റയ്ക്കും കൂട്ടം ചേർന്നും അപകടകരമായ രീതിയിൽ സെൽഫി എടുക്കുന്നുണ്ട്. അണക്കെട്ടിന്റെ സംരക്ഷണ ഭിത്തിയുടെ മുകളിലൂടെ താഴേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് വീക്ഷിക്കുന്നതും അപകട സാധ്യതയുണ്ടാക്കുന്നുണ്ട്. എന്നാൽ സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്മുന്നിൽ നടക്കുന്ന ഇത്തരം പ്രവർത്തികളൊന്നും കണ്ട മട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ ആഫീസ് അണക്കെട്ടിനോട് ചേർന്നാണ് പ്രവർത്തിക്കുന്നതും. സുരക്ഷാ ഉദ്യോഗസ്ഥർ ആഫീസിന്റെ മതിൽ കെട്ടിൽ നിന്ന് പുറത്ത് ഇറങ്ങാറില്ല. മലങ്കര ടൂറിസം ഹബ്ബ് പ്രവർത്തനം ആരംഭിച്ചതോടെ നിരവധിപ്പേരാണ് മലങ്കര അണക്കെട്ടും ചുറ്റ് പ്രദേശങ്ങളും സന്ദർശിക്കാൻ എത്തുന്നത്. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും ടൂറിസം ഹബ്ബും അണക്കെട്ടും സന്ദർശിക്കാൻ നിരവധി ആളുകളാണ് എത്തുന്നതും.