തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ യു.ഡി.എഫിന് കീറാമുട്ടിയായി മുസ്ലീംലീഗ്. ലീഗിന്റെ അതൃപ്തി പരിഹരിക്കാൻ ഇന്നലെ നടന്ന യു.ഡി.എഫ് ജില്ലാതല ചർച്ചയും പരാജയപ്പെട്ടു. ജില്ലാ പഞ്ചായത്തിലെ സീറ്റു വിഭജനത്തിൽ ലീഗിനെ അവഗണിച്ചതിനെതിരെയാണ് ലീഗിന്റെ പ്രതിഷേധം. നിലവിലെ ധാരണ പ്രകാരം 11 സീറ്റുകളിൽ കോൺഗ്രസും ബാക്കി അഞ്ച് സീറ്റിൽ കേരളകോൺഗ്രസും മത്സരിക്കാനാണ് ധാരണ. ജില്ലയിലെ സാഹചര്യങ്ങൾ സംസ്ഥാനത്തെ നേതൃത്വത്തെ അറിയിക്കാനും നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം തുടർതീരുമാനങ്ങളെടുക്കാനും ഇന്നലെ ചേർന്ന ജില്ലാ ലീഗ് നേതൃയോഗം തീരുമാനിച്ചു. അടിമാലി, അഴുത ബ്ലോക്കുകളിൽ ലീഗിന് ഓരോ സീറ്റു വീതം നൽകി പ്രതിഷേധം തണുപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇന്നത്തെ ചർച്ചയിൽ അന്തിമ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. നാളെയെങ്കിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം. നാമനിർദേശപത്രിക സമർപ്പിക്കാൻ ഇനി മൂന്ന് ദിവസം കൂടിയാണ ് ബാക്കിയുള്ളത്.
എൽ.ഡി.എഫിൽ ശരിയായി
അതേസമയം ഇടതു മുന്നണിയിൽ സ്ഥാനാർത്ഥി പട്ടിക ഏകദേശം തയ്യാറായി കഴിഞ്ഞു. ഇത്തവണ മുന്നണിയിലേക്ക് എത്തിയ കേരള കോൺഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന് നൽകേണ്ട സീറ്റുകളേക്കുറിച്ചുള്ള ചർച്ച കുറച്ച് നീണ്ടു പോയത് കാരണമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം അൽപ്പം വൈകിയത്. ഇന്ന് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ജില്ലാപഞ്ചായത്തിലെ 16 ഡിവിഷനുകളിൽ സി.പി.എം- ഏഴ്, സി.പി.എം- അഞ്ച്, കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ മുള്ളരിങ്ങാട് ഇത്തവണ ജോസ് വിഭാഗത്തിന് വിട്ടുനൽകിയിട്ടുണ്ട്.
എൻ.ഡി.എയിലും തീരുമാനമായി
കുറച്ച് സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയമാണ് എൻ.ഡി.എയിൽ ബാക്കിയുള്ളത്. ബി.ജെ.പിക്കും ബി.ഡി.ജെ.എസിനുമാണ് ഭൂരിഭാഗം സീറ്റുകളും. അതിൽ സമവായമുണ്ടായാലുടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കും.