നെടുങ്കണ്ടം: പത്രത്തിന്റെ പണം വാങ്ങി മടങ്ങുന്നതിനിടെ വിദ്യാർത്ഥിയെ ഇടിച്ചിട്ട് കാർ യാത്രികർ വഴിയിൽ ഉപേക്ഷിച്ച് കടന്നു. താന്നിമൂട് കിഴക്കേ മാടപ്പാട്ട് ബാബുരാജിന്റെ മകൻ അമൽരാജിനാണ് (14) തലയ്ക്ക് ഗുരുതര പരിക്കേറ്റത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് തിരുവല്ലാപടിക്ക് സമീപത്തായിരുന്നു അപകടം. പ്രദേശത്ത് പത്ര വിതരണം നടത്തുന്ന അമൽരാജ് ഇതിന്റെ പണം വാങ്ങി തിരികെ പോകുന്നതിനിടെ വെള്ള നിറമുള്ള മാരുതി ആൾട്ടോ കാർ പിറകിൽ നിന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്കും കാലിനും പരിക്കേറ്റ അമലിനെ കാറിൽ നിന്ന് ഇറങ്ങിയ സ്ത്രീ ഒന്നും പറ്റിയില്ലല്ലോ വേഗം വീട്ടിലേക്ക് പൊയ്‌ക്കൊളൂവെന്ന് പറഞ്ഞശേഷം കാറിൽ കയറി പോവുകയായിരുന്നു. മുറിവുകളോടെ വീട്ടിൽ എത്തിയ അമലിനെ മാതാപിതാക്കൾ നെടുങ്കണ്ടത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടെ ഐസോലേഷൻ വാർഡുകൾ പ്രവർത്തിക്കുന്നതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന അമലിന്റെ മാതാപിതാക്കൾക്ക് മകന് വിദഗ്ദ്ധ ചികിത്സ നൽകാൻ വഴിയില്ലാത്തതിനാൽ തിരികെ വീട്ടിലേക്ക് കൊണ്ടുപോരുകയായിരുന്നു. വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.