തൊടുപുഴ: കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഏക കോൺഗ്രസ് അംഗം ഇത്തവണ മത്സരിക്കുന്നത് എൻ.ഡി.എ സ്ഥാനാർത്ഥിയായി. 2015ൽ കുമാരമംഗലം പഞ്ചായത്തിലെ പട്ടികജാതി സംവരണമായ 13-ാം വാർഡിൽ നിന്ന് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഏക അംഗമായ ഒ.പി. സിജുവാണ് എൻ.ഡി.എയിലേക്ക് ചേക്കേറിയത്. പഞ്ചായത്തിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളാരും ആ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നില്ല. മുന്നണി ധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം ആദ്യ രണ്ട് വർഷം ലീഗിനും പിന്നീട് ഒന്നരവർഷം വീതം കോൺഗ്രസിനും കേരളകോൺഗ്രസിനുമായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസിന്റെ ഊഴമെത്തിയപ്പോൾ സിജുവിന് പകരം സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച കെ.ജി. സിന്ധുകുമാറിനെയാണ് പാർട്ടി നിയോഗിച്ചത്. ഇതാണ് സിജുവിന്റെ ആദ്യ അതൃപ്തിക്ക് കാരണം. അന്ന് സമവായമെന്ന നിലയിൽ അടുത്ത തിരഞ്ഞെടുപ്പിൽ 12-ാം വാർഡിൽ സീറ്റ് നൽകാമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നതായി സിജു പറയുന്നു. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇത്തവണ സീറ്റ് നൽകാനാകില്ലെന്നും പകരം ഡി.സി.സി സെക്രട്ടറി സ്ഥാനം നൽകാമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്തു. തന്നെ പാർട്ടി കറിവേപ്പിലയാക്കിയെന്ന് കണ്ടതോടെ 'കൈവിട്ട" സിജുവിനെ ബി.ജെ.പി രണ്ട് കൈയും നീട്ടി സ്വീകരിച്ചു. സിജു ബി.ജെ.പിയിൽ ചേർന്നെങ്കിലും എൻ.ഡി.എയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്.
പുതുമയല്ല കൂടുവിട്ട് കൂടുമാറ്റം
തിരഞ്ഞെടുപ്പ് കാലത്തെ ഈ കൂടുവിട്ട് കൂട് മാറ്റം പതിവാണ്. ചിലർ മത്സരിക്കുമെന്ന പ്രചാരണം ചായക്കടകൾ മുതൽ കളിക്കളങ്ങളിൽ വരെ ചർച്ചയാകും. പോസ്റ്റർ ഒട്ടിക്കാനും മുദ്രാവാക്യം വിളിക്കാനും പാർട്ടി പരിപാടിക്ക് ആവശ്യത്തിന് പണം മുടക്കാനുമൊക്കെ ഇവർ മുൻപന്തിയിലുണ്ടാകും. പക്ഷേ, ഇത്തരക്കാർ ആഗ്രഹിക്കുന്നത് പോലെയല്ലല്ലോ പാർട്ടികൾ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. സ്ഥാനാർത്ഥി നിർണയം തുടങ്ങിയതോടെ മുറുമുറുപ്പായി, നേതാവിന്റെ വീട്ടിൽ പോയി സങ്കടം പറച്ചിലായി, സഹതാപം പിടിച്ചുപറ്റാൻ ഫേസ് ബുക്കിൽ എഴുത്തായി, ഒടുവിൽ മറ്റൊരു പാർട്ടിയുടെ ഓഫീസിൽ പോയി കൊടി പിടിച്ച് പ്രതിഷേധം അറിയിക്കും. പറ്റിയാൽ അവരുടെ സ്ഥാനാർത്ഥി, ഇല്ലെങ്കിൽ പോട്ടെ അടുത്ത തവണ നോക്കാമെന്നായി.
പരമ്പരാഗതമായി പാർട്ടി ചട്ടക്കൂടുകളിൽ നിൽക്കുന്നവരിൽ ഭൂരിപക്ഷവും അവഗണനയും ഒഴിവാക്കലുകളും ഒക്കെ നേരിട്ടാലും പാർട്ടി വിട്ട് പുറത്തേക്ക് പോകുന്നതിനെ കുറിച്ച് ആലോചിക്കാറില്ല. അർഹമായ പരിഗണന നൽകാതെ പ്രാദേശിക നേതാക്കളിലെ ജനസമ്മതിയുള്ളവരെ തഴയുന്നതും തദ്ദേശ തിരഞ്ഞെടുപ്പിൽ പതിവാണ്. ഗ്രൂപ്പും നേതാക്കളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുമൊക്കെ ഇതിൽ ഘടകമാകാറുണ്ട്.