തൊടുപുഴ: ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റുവിഭജനം പൂർത്തിയാക്കി എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സി.പി.എം ഏഴു സീറ്റിലും സി.പി.ഐ അഞ്ചും കേരള കോൺഗ്രസ് (എം) നാലും സീറ്റുകളിലും മത്സരിക്കും.

ഡിവിഷനുകളും സ്ഥാനാർത്ഥികളും
സി.പി.എം
ദേവികുളം– പി. രാജേന്ദ്രൻ, നെടുങ്കണ്ടം– വി.എൻ. മോഹനൻ, വാഗമൺ– കെ.ടി. ബിനു, മുള്ളരിങ്ങാട്– ലിസി ജോസ്, പൈനാവ്– കെ.ജി. സത്യൻ, കരിങ്കുന്നം– ശ്രീജ, രാജാക്കാട്– ഉഷാകുമാരി ടീച്ചർ.


സി.പി.ഐ
ഉപ്പുതറ– ആശ ആന്റണി, വാളാടി (വണ്ടിപ്പെരിയാർ)- എസ്.പി. രാജേന്ദ്രൻ, പാമ്പാടുംപാറ– ജിജി കെ. ഫിലിപ്പ്, മൂന്നാർ– അഡ്വ. ഭവ്യ, അടിമാലി– റീനി ബോബൻ.


കേരള കോൺഗ്രസ് (എം)
മുരിക്കാശേരി– സെലിൻ മാത്യു, വണ്ടൻമേട്– രാരിച്ചൻ നീറണാകുന്നേൽ, മൂലമറ്റം– റെജി കുന്നംകോട്ട്, കരിമണ്ണൂർ– റീനു സണ്ണി.

മികച്ച വിജയം ഉറപ്പെന്ന് എൽ.ഡി.എഫ്

എൽ.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമപദ്ധതികളും വികസനനേട്ടങ്ങളും മുന്നണിക്ക് ജില്ലയിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മികച്ച വിജയം സമ്മാനിക്കുമെന്ന് ജില്ലാ കൺവീനർ കെ.കെ. ശിവരാമനും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രകടന പത്രികയിലെ കാര്യങ്ങൾ ഒന്നൊന്നായി നടപ്പാക്കിയ സർക്കാരാണിത്. ജില്ലയിൽ 33,000 പേർക്ക് ഇതിനകം പട്ടയം നൽകി കഴിഞ്ഞു. പത്തുചെയിൻ പ്രദേശത്തെ കൈവശകൃഷിക്കാർക്ക് പട്ടയം നൽകി. ആദിവാസികളുടെയടക്കം എല്ലാ വിഭാഗം കൃഷിക്കാർക്കും പട്ടയം നൽകിയ സർക്കാരാണിത്. 15,000 പട്ടയങ്ങൾ കൂടി നൽകാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) എൽ.ഡി.എഫ് സഖ്യകക്ഷിയായതിലൂടെ ജില്ലയിൽ വലിയ മുന്നേറ്റത്തിന് സഹായകരമാവും. സർക്കാരിന്റെ വാർഷിക വരുമാനത്തിന്റെ 40 ശതമാനം കൃത്യമായി പ്രാദേശിക ഗവൺമെന്റുകൾക്ക് കൈമാറിയിരുന്നെന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എൽ.ഡി.എഫ് ഘടകകക്ഷിനേതാക്കളായ ജോസ് പാലത്തിനാൽ, ജോർജ്ജ് അഗസ്റ്റ്യൻ, അനിൽ കൂവപ്ലാക്കൽ, സണ്ണി ഇല്ലിക്കൽ, പി.കെ. വിനോദ്, പോൾസൺ മാത്യു, ജോണി ചെരുവുപറമ്പിൽ, എൻ.എം. സുലൈമാൻ, സോമനാഥൻ നായർ എന്നിവരും പങ്കെടുത്തു.