mammootty

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ച "ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് " എന്ന സിനിമ ജി മാർത്താണ്ഡനാണ് സംവീധാനം ചെയ്തത്. വേഷത്തിലും ഭാവത്തിലും രൂപത്തിലും ഏറെ പ്രത്യേകതയുള്ള മമ്മൂട്ടി ചെയ്ത നായക കഥാപാത്രവും സിനിമയും ജനം ഏറ്റെടുത്ത് സിനിമ മെഗാ വിജയം നേടി. നവാഗതനായ ഫൈസൽ ലത്തീഫാണ് ക്ലീറ്റസ് നിർമ്മിച്ചത്. മമ്മൂട്ടിക്ക് വേണ്ടി നിരവധി മെഗാ ഹിറ്റുകൾ സമ്മാനിച്ച ബെന്നി പി നയരമ്പലമാണ് ക്ലീറ്റസിന്റെ സ്ക്രിപ്റ്റ് ചെയ്തതും. ക്ലീറ്റസ് സിനിമയിൽ മമ്മൂട്ടി ചെയ്ത യേശുക്രിസ്കുവിന്റെ കഥാപാത്രം ആദ്യം മമ്മൂട്ടിക്ക് വേണ്ടി പ്ലാൻ ചെയ്തതല്ല, മറ്റൊരു കഥാപാത്രമാണ് ഇതിൽ മമ്മൂട്ടിക്ക് വേണ്ടി ആദ്യം പ്ലാൻ ചെയ്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ മാർത്താണ്ഡൻ. "കേരള കൗമുദി ഓൺലൈനിന്" നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്.

ജി മാർത്താണ്ഡന്റെ വാക്കുകളിലൂടെ...

'അസിസ്റ്റൻഡ് ഡയറക്ടറും അസോസിയേറ്റ് ഡയറക്ടറുമായി പത്തൊൻപത് വർഷം സിനിമയിൽ പ്രവർത്തിച്ചതിന് ശേഷമാണ് "ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് " എന്ന സിനിമ ഞാൻ സംവീധാനം ചെയ്യുന്നത്. മമ്മൂട്ടി സാറിന്റെ സിനിമകളിലാണ് ഞാൻ ഏറ്റവും കൂടുതലായി അസോസിയറ്റായി പ്രവർത്തിച്ചിട്ടുള്ളതും. മമ്മൂട്ടി സാറുമായി എനിക്ക് ദീർഘ നാളത്തെ ആത്മ ബന്ധമാണുള്ളത്. സ്വന്തമായി ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ഞാൻ മമ്മൂട്ടി സാറിനോട് പറഞ്ഞപ്പോൾ അദ്ദേഹം പൂർണ്ണ പിന്തുണ നൽകുകയും ഉടൻ ഒരു കഥ ശരിയാക്ക് ഡേറ്റ് തരാമെന്ന് അദ്ദേഹം എന്നോട് പറയുകയും ചെയ്തു. ഇതേ തുടർന്ന് ബെന്നിചേട്ടനെ (തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം) സമീപിക്കുകയും മമ്മൂട്ടി സാറിന് വേണ്ടി ബെന്നി ചേട്ടൻ ഒരു സ്ക്രിപ്റ്റ് റെഡിയാക്കുകയും ചെയ്തു.

പിന്നീട്, സിനിമയുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസർ ആന്റോ ചേട്ടനെ കാണാൻ വേണ്ടി പ്ലാസയിൽ ചെന്നപ്പോൾ മമ്മുക്ക ഫാൻസ്‌ ആൻഡ് ഇന്റർ നാഷ്‌ണലിന്റെ അന്നത്തെ ട്രഷറർ ആയിരുന്ന ഫൈസൽ ലത്തീഫ് അവിടെയുണ്ടായിരുന്നു. മമ്മൂട്ടി സാറിനെ വെച്ച് ഒരു സിനിമ നിർമ്മിക്കാൻ ആന്റോ ചേട്ടനെ കാണാൻ വേണ്ടിയുള്ള കാര്യങ്ങൾക്കായിട്ടാണ് ഫൈസൽ ലത്തീഫ് അവിടെ വന്നത്. അവിടെ വെച്ച് ആന്റോ ചേട്ടനാണ് ഫൈസൽ ലത്തീഫിനെ എനിക്ക് പരിചയപ്പെടുത്തി തന്നത്. ആ സമയത്ത് ആന്റോ ചേട്ടൻ എന്നെ ചൂണ്ടിക്കാണിച്ച് ഫൈസൽ ലത്തീഫിനോട് പറഞ്ഞു "ഇതാണ് ഫൈസലിന്റെ സിനിമയുടെ ഡയറക്ടർ" എന്ന്. ഒട്ടും പ്രതീക്ഷിക്കാതെ അവിടെ വെച്ച് അവിചാരിതമായിട്ട് ഫൈസൽ ലത്തീഫ് ക്ലീറ്റസിന്റെ പ്രൊഡ്യൂസറായി മാറുകയായിരുന്നു.

പിറ്റേ ദിവസം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിന്റെ അഡ്വാൻസ് തുക എനിക്കും ബെന്നി ചേട്ടനും ഡിക്സൻ ചേട്ടനും ബെന്നി ചേട്ടന്റെ വീട്ടിൽ വെച്ച് ഫൈസൽ ലത്തീഫ് നൽകി. മുടിയുള്ള പുത്രന്റെ കഥ ആയതിനാൽ മുടിയനായ പുത്രൻ എന്നാണ് ക്ലീറ്റസിന് ആദ്യം നൽകിയ പേര്. എന്നാൽ പടത്തിന്റെ പേര് ഞങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് എങ്ങിനെയോ അത് വാർത്തയായി. സിനിമയിൽ വർഷങ്ങളായി നിലനിൽക്കുന്ന ചില വിശ്വാസങ്ങളുടെ പേരിൽ അടുത്ത സുഹൃത്തുക്കൾ പലരും പറഞ്ഞതിനെ തുടർന്ന് മുടിയനായ പുത്രൻ എന്ന പേര് മാറ്റി "ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് " എന്ന് ഉറപ്പിച്ചു. എന്നാൽ മമ്മൂട്ടി സാറിനോട് ആദ്യം കഥ പറയുന്ന സമയത്ത് സിനിമയുടെ പേര് സംബന്ധിച്ച് വ്യക്തമായ ഒരു തീരുമാനം പറഞ്ഞിരുന്നില്ല. മമ്മൂട്ടിസാറിനോട് ക്ലീറ്റസിന്റെ കഥ ആദ്യം പറയുമ്പോൾ അദ്ദേഹത്തിന് വേണ്ടി പ്ലാൻ ചെയ്തത് മറ്റൊരു കഥാപാത്രമായിരുന്നു. ക്ലീറ്റസിന്റെ കഥയിൽ നാടകവുമായി ബന്ധപ്പെട്ടുള്ള സംവിധായകന്റെ വേഷമാണ് മമ്മൂട്ടി സാറിന് വേണ്ടി ആദ്യം നിശ്ചയിച്ചത്. അതിനെ ബേസ് ചെയ്താണ് മമ്മൂട്ടി സാറിനോട് കഥ പറഞ്ഞതും.

എന്നാൽ കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി സാറ് ബെന്നി ചേട്ടനോട് പറഞ്ഞു "കഥയിൽ ഒരു ട്വിസ്റ്റ് വരുത്താം, യേശുക്രിസ്തുവിന്റെ വേഷം ഞാൻ ചെയ്താൽ എങ്ങിനെ ആകും" എന്ന്. ബെന്നി ചേട്ടൻ മറ്റൊന്ന് ആലോചിക്കാതെ അപ്പോൾ തന്നെ മമ്മൂട്ടി സാറിന്റെ അഭിപ്രായത്തിന് പൂർണ്ണമായും പിന്തുണ നൽകി. ഇത് അറിഞ്ഞ ഞാൻ ബെന്നി ചേട്ടനോട് ചോദിച്ചു "അതെന്താ മമ്മൂട്ടി സാറ് അങ്ങിനെ പറഞ്ഞതെന്ന് ". "മമ്മുക്ക അങ്ങിനെ പറയണമെങ്കിൽ എന്തെങ്കിലും കാര്യം ഉണ്ടാകും അദ്ദേഹം വെറുതെ അങ്ങിനെ പറയില്ല, അദ്ദേഹം യേശുക്രിസ്തുവിന്റെ വേഷത്തിലേക്ക് വന്നാൽ സംഭവം മൊത്തം മാറുകയാണ് " എന്ന് ബെന്നി ചേട്ടൻ എന്നോട് പറഞ്ഞു. മമ്മൂട്ടി സാറും ബെന്നി ചേട്ടനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെയും അവർ ഇരുവരും ചേർന്ന് മുൻപ് ചെയ്ത മെഗാ ഹിറ്റായ സിനിമകളുടെയും കെമിസ്ട്രിയാണ് ഇവിടെ പ്രകടമായത്.

ക്ലീറ്റസിന്റെ പിന്നീടുള്ള തുടർ കാര്യങ്ങൾ എളുപ്പത്തിൽ നടന്നു. യേശുക്രിസ്തുവിന്റെ വേഷം ചെയ്യാൻ മമ്മൂട്ടി സാറ് ഷൂട്ട് ആരംഭിക്കുന്നതിന് മൂന്ന് മാസം മുൻപ് ഭക്ഷണം നിയന്ത്രിച്ച് ഡയറ്റ് ആരംഭിച്ചു. സിനിമ റീലീസായതിന് ശേഷം പരിചയം ഉള്ളവരും അല്ലാത്തവരുമായ അനേകം ആളുകൾ പറഞ്ഞു, ശരീരത്തിൽ മുറിവുകളുമായി കുരിശിൽ കിടക്കുന്ന മമ്മൂട്ടി സാറിനെ കണ്ടാൽ ശരിക്കും യേശു ക്രിസ്തുവിനെ പോലെ ഫീൽ ചെയ്തിരുന്നു എന്ന്.