തൊടുപുഴ: കൊവിഡിൽ പാടെ തകർന്ന ഫോട്ടോഗ്രാഫി മേഖലയ്ക്ക് പുതുജീവൻ നൽകി തദ്ദേശ തിരഞ്ഞെടുപ്പ്
ഗ്രാമപഞ്ചായത്ത് വാർഡുമുതൽ വിവിധ തലങ്ങളിലായി മത്സത്തിനറങ്ങുന്ന സ്ഥാനാർത്ഥികളുടെ എണ്ണം ആയിരങ്ങളായതിനാൽ നല്ലൊരു അവസരമാണ് ഫോട്ടോഗ്രാഫർമാർക്കും വീഡിയോ ഗ്രാഫർമാർക്കും വന്ന് ചേർന്നിരിക്കുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി സ്ഥിരമായി ഫോട്ടോ എടുക്കുന്ന സ്റ്റുഡിയോകളിലാണ് തിരക്ക് കൂടുതൽ. ആവശ്യമൊന്നേയുള്ളൂ, ഫോട്ടോ കണ്ടാൽ വോട്ട് ഇങ്ങ് പോരണം, അതിന് വേണ്ടുന്ന നല്ല ഫാോട്ടോകൾ എടുത്ത് കിട്ടണം.
പരമാവധി ഗ്‌ളാമറാക്കി വോട്ടറുടെ മനസിൽ മുഖം പതിപ്പിക്കുകയും വേണം. നല്ല ക്ളാരിറ്റിയോടെ പോസ്റ്റർ, ബാനർ, അഭ്യർത്ഥന, കാർഡ് എന്നിവയായി വിവിധ പ്രതലങ്ങളിൽ പ്രിന്റ് ചെയ്യാനുള്ള ചിത്രങ്ങളാണ് വേണ്ടത്. പ്രിന്റ് ചെയ്യുന്നതിനൊപ്പം ഫേസ് ബുക്കിലും വാട്‌സാപ്പിലും ഷെയർ ചെയ്യാൻ ആദ്യ ഘട്ട ഫോട്ടോ ഷൂട്ട് പലരും പൂർത്തിയാക്കുകയും ചെയ്തു.
കൊവിഡ് മൂലം ഫോട്ടോയ്ക്കാണ് ഇക്കുറി പ്രാധാന്യമെന്നാണ് സ്ഥാനാർത്ഥികൾ പറയുന്നത്. മാസ്‌കിട്ട് എത്ര ചിരിച്ചാലും ആരും കാണില്ല. പ്രായമായവർ മുഖം പോലും മനസിൽ ഓർക്കണമെന്നില്ല. അതുകൊണ്ട് ഈ കുറവ് ഫോട്ടോയിൽ നികത്തണമെന്നാണ് പ്രധാന ആവശ്യം.
നല്ല ഫോട്ടോകൾ ഡിസൈൻ ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാനും കാർഡുകളാക്കി വോട്ടർമാരിലെത്തിക്കാനും പ്രത്യേക സംവിധാനം സ്റ്റുഡിയോകളിൽ ഒരുങ്ങിക്കഴിഞ്ഞു.