ഇടുക്കി :ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പിനു ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുളള നടപടിക്രമങ്ങൾ ആരംഭിച്ചു. ഇലക്ഷൻ കമ്മീഷന്റെ www.edrop.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് ഡാറ്റ എൻട്രി നടത്തേണ്ടത്. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപന മേധാവികൾ നേരിട്ടാണ് അവരുടെ ജീവനക്കാരുടെ വിവരങ്ങൾ ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റിൽ എൻട്രി ചെയ്യേണ്ടത്. സ്ഥാപന മേധാവികൾക്ക് ഡാറ്റ എൻട്രി നടത്താനുളള യൂസർ ഐഡി, പാസ്സ് വേർഡ് എന്നിവ സ്ഥാപനം സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കും. ഇത് ലഭിക്കാത്ത സ്ഥാപന മേധാവികൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ യൂസർ ഐഡി, പാസ്സ് വേർഡ് എന്നിവ ശേഖരിക്കേണ്ടതാണ്. സംശയ ദുരീകരണത്തിനും ഡാറ്റ എൻട്രി പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും കുറ്റമറ്റ ഡാറ്റ തയ്യാറാക്കുന്നതിനുമായി ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്ത് മുൻസിപ്പാലിറ്റി എന്നിവ കേന്ദ്രീകരിച്ച് നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.