dhinasan
കളക്ട്രേറ്റിൽ ആരംഭിച്ച തിരഞ്ഞെടുപ്പ് കൺട്രോൾറൂമിന്റെ ഉദ്ഘാടനം ജില്ലാ വരണാധികാരി കൂടിയായ കളക്ടർ എച്ച് ദിനേശൻ നിർവഹിക്കുന്നു.

ഇടുക്കി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ കൺട്രോൾറൂം പ്രവർത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൃത്യമായി ഏകോപിപ്പിക്കുക, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലഭിക്കുന്ന പരാതികൾ, അപേക്ഷകൾ, ഫോൺ സന്ദേശങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തി ജില്ലാ കളക്ടർ, വരണാധികാരികൾ, ഉപവരണാധികാരികൾ, മറ്റ് അധികാരികൾ എന്നിവർക്ക് കൈമാറുക, സന്ദേശങ്ങൾ കൃത്യമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ഇമെയിൽ സന്ദേശങ്ങൾ കൃത്യമായി പരിശോധിക്കുക, വരണാധികാരികൾ, ഉപവരണാധികാരികൾ എന്നിവർക്ക് ആവശ്യമെങ്കിൽ സാങ്കേതിക സഹായം ലഭ്യമാക്കുക എന്നിവയാണ് കൺട്രോൾ റൂമിന്റെ പ്രവർത്തന ചുമതലകൾ. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം.
കൺട്രോൾ റൂം ജില്ലാ വരണാധികാരി കൂടിയായ കളക്ടർ എച്ച് ദിനേശൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനും സംശയം ദൂരികരിക്കുന്നതിനും പൊതുജനങ്ങൾക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യാഗസ്ഥർക്കും കൺട്രോൾ റൂമിൽ വിളിക്കാം. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് കൺട്രോൾറൂം പ്രവർത്തിക്കുക. കൺട്രോൾ റൂം ഫോൺ നമ്പറുകൾ 04862 232400, 232440, 9496328171.