തൊടുപുഴ: ഈ തിരഞ്ഞെടുപ്പിൽ ഫ്ളക്‌സ് വേണ്ട, ഫ്ളക്‌സിബിളായാൽ മതിയെന്ന അഭ്യർത്ഥനയുമായി ഹരിതകേരളവും ശുചിത്വമിഷനും. പ്രകൃതിയ്ക്ക് ദോഷകരമായ വസ്തുക്കൾ ഉപയോഗിക്കുന്നതിനെയാണ് ഹരിതകേരളവും ശുചിത്വ മിഷനും പരിസ്ഥിതി പ്രവർത്തകരും നിരുത്സാഹപ്പെടുത്തുന്നത്. നൂറുകണക്കിന് സ്ഥാനാർത്ഥികളുടെ ഫോട്ടോയുൾപ്പെട്ട ഫ്ളക്‌സുകൾ നാടുനീളെ ഉയരുന്നത് വലിയ പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കും. കോട്ടൺ തുണിയിൽ പ്രിന്റ് ചെയ്ത ബോർഡുകൾ, കോട്ടണിൽ എഴുതി തയ്യാറാക്കിയ ബോർഡുകൾ, കോട്ടൺ തുണിയും പേപ്പറും ഉൾപ്പെടുന്ന മീഡിയം ഉപയോഗിച്ച പ്രിന്റ് ചെയ്യുന്ന ബോർഡുകൾ എന്നിവ ഉപയോഗിക്കാം. ഇത് ഫ്ളക്‌സ് പ്രിന്റ് ചെയ്യുന്ന മെഷീനിൽ തന്നെ പ്രിന്റ് ചെയ്യാം. പനമ്പായ, പുൽപ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചും ആകർഷകമായി ബോർഡുകളും പ്രചാരണ സാമഗ്രികളും ഉണ്ടാക്കാം.അനുമതിയുള്ള സ്ഥലങ്ങളിൽ ഡിജിറ്റൽ ബോർഡുകളുമാവാം. കൊടികളും തോരണങ്ങളും തുണിയിലോ പേപ്പറിലോ നിർമ്മിക്കാം. കൊടികളുണ്ടാക്കാൻ പ്ലാസ്റ്റിക് കലർന്ന തുണികളുപയോഗിക്കരുത്. ഭവനസന്ദർശനത്തിന് പോകുന്ന സ്‌ക്വാഡുകൾ ഓരോ സ്റ്റീൽ ബോട്ടിലുകളിൽ വെള്ളം കൂടി കരുതണം. പര്യടന വാഹനങ്ങൾ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം. ഫ്ളക്‌സും പ്ലാസ്റ്റിക്കും തെർമ്മോക്കോളും ഒഴിവാക്കണം. തെർമോകോൾ റീസൈക്ലിംഗ് പോലും നടത്താനാകാത്തതാണ്. സ്വീകരണ സമ്മേളനത്തിൽ പ്ലാസ്റ്റിക്ക് മാല വേണ്ടെന്നുവയ്ക്കണം. പൂക്കൾ, കോട്ടൺനൂൽ, തോർത്ത് എന്നിവ കൊണ്ടോ സ്ഥാനാർഥിയെ ആദരിക്കാം. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബോർഡുകളും കൊടികളും തോരണങ്ങളുമെല്ലാം സമാഹരിച്ച് തരംതിരിച്ച് തദ്ദേശഭരണസ്ഥാപനങ്ങൾക്ക് കൈമാറണം. അവർ അത് പുനചംക്രമണത്തിന് നൽകും.
തിരഞ്ഞെടുപ്പിൽ ഗ്രീൻപ്രോട്ടോക്കോൾ (ഹരിത ചട്ടം) പാലിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഹരിതകേരളം ,ശുചിത്വ മിഷൻ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം. 94474 66229, 95622 42370.