കരിമണ്ണൂർ: സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ 'ജാലകങ്ങൾക്കപ്പുറം' ട്വിന്നിംഗ് പ്രോഗ്രാമിന് തുടക്കമായി. ഭിന്ന ശേഷിക്കാരായ കുട്ടികളിൽ കൊവിഡ് വരുത്തിയിട്ടുള്ള ഒറ്റപ്പെടൽ മറികടക്കുന്നതിനായി അസൂത്രണം ചെയ്തിട്ടുള്ള പദ്ധതിയാണിത്. രണ്ട് ബി.ആർ.സി. പരിധിയിലെ ഭിന്നശേഷിക്കുട്ടികളും സമപ്രായ മറ്റു കുട്ടികളും കുട്ടികളുടെ കുടുംബാംഗങ്ങളും അടങ്ങുന്ന ചെറു ഗ്രൂപ്പുകൾ ഓൺ ലൈനായി പരസ്പരം ആശയവിനിമയം നടത്തിയും കലാപരിപാടികൾ അവതരിപ്പിച്ചും, പ്രാദേശിക പ്രത്യേകതകൾ പരിചയപ്പെടുത്തിയും മുന്നോട്ട് പോകുന്ന പദ്ധതിയാണിത്. പ്രതിസന്ധി ഘട്ടത്തിൽ പരസ്പരം താങ്ങും തണലുമായി നില്ക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായി ആഴ്ചയിലൊന്ന് വീതം കൂടിച്ചേരലുകൾക്ക് ഈ പദ്ധതിയിലൂടെ അവസരം ലഭിക്കുന്നു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കരിമണ്ണൂർ ബി.ആർ.സി.യും ആലപ്പുഴ ജില്ലയിലെ ചേർത്തല ബി.ആർ.സി.യും ചേർന്നുള്ള 'ജാലകങ്ങൾക്കപ്പുറം ട്വിന്നിംഗ് പ്രോഗ്രാം ഗാന രചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയതു. സമഗ്ര ശിക്ഷ ബ്ലോക്ക് പ്രോജക്ട് കോ.ഓഡിനേറ്റർമാരായ ജോസി ജോസ്, ഷാജി മഞ്ജരി ,ട്രെയിനർമാർ, സ്‌പെഷ്യൽ എഡ്യൂക്കേറ്റഴ്‌സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.