brahmins

തൊടുപുഴ: പ്രമുഖ സുഗന്ധവ്യഞ്ജന-പലഹാരപ്പൊടി ബ്രാൻഡായ ബ്രാഹ്മിൻസ് പുതിയ ലോഗോയും പാക്കേജ് ഡിസൈനും അവതരിപ്പിച്ചു. തൊടുപുഴയിലെ കമ്പനി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബ്രാഹ്മിൻസ് ഫുഡ്‌സ് മാനേജിംഗ് ഡയറക്ടർ വി. വിഷ്ണു നമ്പൂതിരിയും എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീനാഥ് വിഷ്ണുവും ചേർന്ന് പുതിയ ലോഗോയും ബ്രാൻഡിന്റെ പ്രധാന ഉത്പന്നങ്ങളിലൊന്നായ സാമ്പാർപ്പൊടിയുടെ പുതിയ പാക്കേജും അവതരിപ്പിച്ചു.

ബ്രാഹ്മിൻസിന്റെ നാലാമത് ഫാക്ടറി തൊടുപുഴയ്ക്കടുത്തെ പൈങ്ങോട്ടൂരിൽ ജനുവരിയിൽ ഉത്പാദനമാരംഭിക്കും. പത്തേക്കറിൽ ആറുകോടി രൂപ നിക്ഷേപത്തോടെ ആധുനിക ഓട്ടോമാറ്റിക് സംവിധാനങ്ങളോടെയാണ് ഫാക്‌ടറി ഒരുങ്ങുന്നത്. പുതിയ ഫാക്ടറി സജ്ജമാകുന്നതോടെ ബ്രാൻഡിന്റെ ഉത്പാദനശേഷി പ്രതിവർഷം 12,000 ടണ്ണാകുമെന്ന് ശ്രീനാഥ് വിഷ്ണു പറഞ്ഞു.

ടാറ്റയിൽ നിന്ന് കാപ്പിപ്പൊടി വാങ്ങി ഗ്രൂപ്പ് വിപണിയിലെത്തിച്ച വിക്ടർ ബ്രാൻഡിൽ പുതിയ വകഭേദങ്ങൾ വിപണിയിലിറക്കും. 45,000ത്തോളം ചില്ലറ വില്പനശാലകളുള്ള കേരളത്തിൽ ഇപ്പോൾ 20,000ത്തിലേറെ ഇടങ്ങളിലേ ബ്രാഹ്മിൻസ് ലഭ്യമായിട്ടുള്ളൂ. ഗൾഫ്, ബ്രിട്ടൻ, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കാണ് പ്രധാന കയറ്റുമതി. മറ്റ് സംസ്ഥാനങ്ങളിലെ സാന്നിദ്ധ്യവും ഉയർത്തും. കർണാടകയിൽ ബ്രാഹ്മിൻസ് ഉത്പന്നങ്ങൾ ഇപ്പോൾ ലഭ്യമാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിലും വൈകാതെ സാന്നിദ്ധ്യമറിയിക്കും.

₹100 കോടി വിറ്റുവരവ്

കഴിഞ്ഞവർഷം കമ്പനിയുടെ വിറ്റുവരവ് 85 കോടി രൂപയായിരുന്നു. ഈ വർഷം ഇത് 100 കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷയെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീനാഥ് വിഷ്ണു പറഞ്ഞു.