നെടുങ്കണ്ടം: റോഡിലൂടെ നടന്നുപോകുന്നതിനിടെ വിദ്യാർത്ഥിയെ ഇടിച്ച് തെറിപ്പിച്ച വാഹനം പൊലീസ് കണ്ടെത്തി. നെടുങ്കണ്ടം എസ്‌.ഐ കെ. ദിലീപ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വാഹനവും ഓടിച്ചിരുന്ന വ്യക്തിയെയും കണ്ടെത്തിയത്. എന്നാൽ കേസ് അട്ടിമറിക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ഇന്റിമേഷൻ ലഭിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച ജിഡി ചാർജുണ്ടായിരുന്ന ഉദ്യോഗസ്ഥൻ നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. ഇന്റിമേഷൻ ലഭിച്ചത് എസ്‌.ഐയെ അറിയിക്കാതിരുന്നതിന് ചാർജുണ്ടായിരുന്ന ഉദ്യോഗസ്ഥന് മെമ്മോ നൽകിയതായാണ് വിവരം. താന്നിമൂട് കിഴക്കേമാടപ്പാട്ട് ബാബുരാജിന്റെ മകൻ അമൽരാജിനെയാണ് (14) കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് തിരുവല്ലാപടിക്കു സമീപം കാറിടിച്ചിട്ടത്. പത്രം വിതരണം നടത്തുന്ന അമൽരാജ് ഇതിന്റെ പണം വാങ്ങി തിരികെ വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം. കാറിലുണ്ടായിരുന്നവർ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. അപകടം നടന്ന തിരുവല്ലാപടിക്ക് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. തുടർന്ന് വിവിധ സംഘങ്ങളായി നടത്തിയ തെരച്ചിലിനൊടുവിലാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. കുട്ടി വാഹനം ഓടിച്ചിരുന്നയാളെ തിരിച്ചറിഞ്ഞാൽ മറ്റ് നടപടികളിലേക്ക് കടക്കുമെന്നും എസ്‌.ഐ അറിയിച്ചു.