ചെറുതോണി: വിമുക്തഭടന്റെ ഫേസ്ബുക്ക് പോസ്റ്റ് വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഇടുക്കിക്കാരന്റെ നേർസാക്ഷ്യമാകുന്നു. ഹൃദയാഘാതമുണ്ടായിട്ട് ഭാഗ്യംകൊണ്ട് മാത്രം ജീവൻ തിരിച്ചു കിട്ടിയ ജില്ലാ പ്ലാനിങ് ഓഫീസ് ജീവനക്കാരൻ കൂടിയായ ജിജിമോൻ ചാക്കോ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കഴിഞ്ഞ 10ന് രാവിലെ ഏഴിനാണ് ജിജിമോന് ഹൃദയാഘാതമുണ്ടായത്. സമയത്ത് തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഹൃദ്രോഗ വിദഗ്ദ്ധനുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ഇടുക്കി മെഡിക്കൽ കോളേജിൽ നിന്ന് നിർദേശിക്കുകയായിരുന്നു. ഈ സമയം ആശുപത്രിയിൽ ആമ്പുലൻസ് ഉണ്ടെങ്കിലും ഡ്രൈവർ ഇല്ലായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയ ഡ്രൈവറെ തിരിച്ച് വിളിച്ച് ഏറെ നിർബന്ധിച്ചാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ജിജിമോനെ എത്തിച്ചത്. അവിടെ നിന്ന് എറണാകുളത്തേക്ക് കൊണ്ടുപോകാനായിരുന്നു നിർദ്ദേശം. വീണ്ടും ഐ.സി.യു സംവിധാനമുള്ള ആമ്പുലൻസിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാണ് ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്. ജിജിമോൻ എഴുതിയ ഫേസ്ബുക്ക് പേജിന് താഴെ നിരവധി പേരാണ് തങ്ങളുടെ നാടിന്റെ ഗതികേടുകൾ പങ്കു വച്ചത്.

ഇടുക്കിക്കാരന്റെ ജീവന് വിലയില്ല

എഴുപത് വർഷമായി ചെറുതോണി ഉൾപ്പെടെയുള്ള മേഖലകളിൽ ജനം കുടിയേറിയിട്ട്. ഇന്നും വിദഗ്ദ്ധ ചികിത്സയെന്നത് ഹൈറേഞ്ചുകാർക്ക് സ്വപ്നമാണ്. പേരിന് ഇടുക്കി മെഡിക്കൽ കോളേജ് ഉണ്ടെങ്കിലും പ്രദേശവാസികൾക്ക് ഒരു പ്രയോജനവുമില്ല. വിദഗ്ദ്ധരായ ഡോക്ടർമാർ പോലും പല ഡിപ്പാർട്ട്‌മെന്റുകളിലും ഇല്ല. കൊവിഡ് സെന്ററാണെന്നതിന്റെ പേരിൽ അടിയന്തരഘട്ടത്തിൽ പോലും ചികിത്സ ഇവിടെ നിക്ഷേധിക്കപെടുകയാണ്. അടുത്തിടെ യുവാക്കളടക്കം നിരവധി പേരാണ് ചെറുതോണി മേഖലയിൽ ഹൃദയാഘാതം മൂലം മരിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിൽ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം നടന്ന വേളയിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഇടുക്കി മെഡിക്കൽ കോളേജിന് കാർഡിയോളജി വിഭാഗം അനുവദിച്ചിരുന്നു. മന്ത്രി എം.എം. മണി ഡയാലിസിസ് യൂണിറ്റിന് അനുവദിച്ച ഒന്നരക്കോടി രൂപയിൽ ബാക്കി വന്ന ഫണ്ടും ഇതിനു വേണ്ടി നീക്കി വച്ചതാണ്. എന്നാൽ കാർഡിയോളജി വിഭാഗം പ്രവർത്തിപ്പിക്കാനുള്ള സ്ഥല സൗകര്യമുള്ള ബിൽഡിംഗ് ഇതുവരെ കണ്ടെത്താൻ മെഡിക്കൽ കോളേജ് വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. കാർഡിയോളജി വിഭാഗം ആരംഭിച്ചാൽ കോട്ടയം മെഡിക്കൽ കോളേജിൽ ഉൾപ്പെടെയുള്ള ഡോക്ടർമാർക്ക് ഇടുക്കിയിൽ സേവനം ചേയ്യേണ്ടിവരും. ഇടുക്കിയിൽ ജോലി ചെയ്യാനുള്ള മടി കാരണം ഉദ്യോഗസ്ഥർ സ്ഥലം കണ്ടെത്താതെ ഉഴപ്പുകയാണെന്ന ആക്ഷേപമുണ്ട്. ഇടുക്കി മെഡിക്കൽ കോളേജിൽ നിലവിൽ ജോലി ചെയ്യുന്ന മൂന്ന് ഡോക്ടർമാർക്കും മുൻ ജില്ലാ പൊലീസ് മേധാവിക്കും ഹൃദയാഘാതം ഉണ്ടായപ്പോൾ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാണ് രക്ഷപ്പെടുത്തിയത്. സമ്പന്നർക്ക് ആംബുലൻസ് വിളിച്ചോ മറ്റ് വാഹനങ്ങൾ ക്രമീകരിച്ചോ സൗകര്യമുള്ള ആശുപത്രികളിൽ എത്തിക്കാനാകും. എന്നാൽ സാധാരണക്കാരായ ആളുകൾ ഈ അവസരത്തിൽ മരണത്തിന് കീഴടങ്ങുകയല്ലാതെ മറ്റു മാർഗം ഇല്ലാത്ത സാഹചര്യമാണുള്ളത്.



'ഇടുക്കി മെഡിക്കൽ കോളേജിൽ ഏത് നിമിഷവും കാർഡിയോളജി വിഭാഗം തുടങ്ങാൻ സന്നദ്ധമാണ്. മെഡിക്കൽ കോളേജ് അധികൃതർ സ്ഥലം കണ്ടെത്തി നൽകുന്ന നിമിഷം അതിനുള്ള നടപടികൾ ആരംഭിക്കും."

-ജില്ലാ കളക്ടർ എച്ച്. ദിനേശൻ