തൊടുപുഴ: ജില്ലാ പഞ്ചായത്ത് സീറ്റുകളുടെ കാര്യത്തിൽ മൂന്ന് മുന്നണികളുടെയും സീറ്റ് വിഭജനം പൂർത്തിയായി. ഇതിൽ ഒരു പടി കടന്ന് എൽ.ഡി.എഫ് ഇന്നലെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. സി.പി.എം ഏഴു സീറ്റിലും സി.പി.ഐ അഞ്ചും കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം നാലും സീറ്റുകളിലുമാണ് മത്സരിക്കുന്നത്. യു.ഡി.എഫിലും സീറ്റുകളുടെ കാര്യത്തിൽ ഏകദേശ ധാരണയായി. 11 സീറ്റിൽ കോൺഗ്രസും അഞ്ചിടത്ത് കേരളാകോൺഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കാനാണ് തീരുമാനം. മുസ്ലിംലീഗ് ഒരു സീറ്റ് ചോദിച്ചെങ്കിലും നൽകിയില്ല. ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തിൽ ലീഗുമായുള്ള തർക്കം തുടരുകയാണ്. ജോസ് വിഭാഗം മുന്നണി വിട്ട പശ്ചാത്തലത്തിൽ ഇരുപതോളം സീറ്റുകളാണ് ലീഗ് അധികം ചോദിച്ചിട്ടുള്ലത്. ബ്ലോക്ക് പഞ്ചായത്തിൽ ഇടവെട്ടി കൂടാതെ രണ്ട് സീറ്റുകൾ അധികം ചോദിച്ചിട്ടുണ്ട്. ഒരെണ്ണം വിട്ടുനൽകിയേക്കും. സമവായ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്നും ലീഗുമായി ഉഭയകക്ഷി ചർച്ചയുണ്ട്. എൻ.ഡി.എയിൽ 14 സീറ്റുകളിൽ ബി.ജെ.പിയും രണ്ടിടത്ത് ബി.ഡി.ജെ.എസും മത്സരിക്കും. എ.ഐ.ഡി.എം.കെ ഒരു സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലാണ് ചർച്ച നടക്കുന്നത്. ഇതിൽ സമവായമായാലുടൻ തന്നെ പ്രഖ്യാപിക്കും.
മുഴുവൻ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും എൻ.ഡി.എ മത്സരിക്കുന്നുണ്ട്.