ഇടുക്കി: അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ ആരംഭിച്ച സാഹചര്യത്തിൽ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ ജില്ലയിലെ പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. തേക്കടി ആരണ്യ നിവാസിൽ ചേർന്ന അവലോകന യോഗത്തിൽ ജില്ലാ ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ സാജൻ വി കുര്യാക്കോസുംതാലൂക്കുകളിലെ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരായ ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർമാരും അനുബന്ധ ഉദ്യോഗസ്ഥരും പങ്കെടുത്തു. ജനങ്ങൾക്ക് എത്തിപ്പെടാൻ ഏറ്റവും സൗകര്യങ്ങൾ ഉറപ്പാക്കിയ പോളിംഗ് സ്റ്റേഷനുകൾ തിരഞ്ഞെടുപ്പിന് ഉപയോഗിക്കണമെന്നും ഇലക്ഷൻ പ്രവർത്തനങ്ങളുടെ സുതാര്യത ഉറപ്പു വരുത്താനായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗങ്ങൾ അതാത് സമയങ്ങളിൽ വിളിച്ചു കൂട്ടണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിച്ചു.
ഇടമലക്കുടി പോലുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളിലെ ബൂത്തുകളിലേക്കും യാത്രാ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തണമെന്നും വാർത്താവിനിമയ സൗകര്യത്തിനായി സാറ്റലൈറ്റ് ഫോൺ, ഹാംറേഡിയോ ഉൾപ്പടെയുള്ളവ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ യുവ വോട്ടർമാരും ഇതര വിഭാഗം ജനങ്ങളും ഈ അവസരം പരമാവധി ഉപയോഗിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ഈ വർഷം തന്നെ ഒറ്റപ്പെട്ടു കിടക്കുന്ന ബൂത്തുകളിൽ ഉൾപ്പടെ നേരിട്ട് പരിശോധനയ്ക്കായി എത്തുമെന്നും അദ്ദേഹം അറിയിച്ചു.