തൊടുപുഴ: മാസങ്ങളായുള്ള കൊവിഡ് പ്രതിസന്ധികളെ മറികടന്ന് തിരഞ്ഞെടുപ്പെത്തിയതോടെ വിപണി ഉണരുകയായി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ചിലവിടുന്ന ലക്ഷങ്ങൾ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്കാണ് ചെന്നെത്തുന്നത്. പ്രിന്റിംഗ് പ്രസ്, ഫ്ളെക്ല്‌സ് പ്രിന്റിംഗ് യൂണിറ്റ്, മൈക്ക്സ് ആന്റ് സൗണ്ട്സ്,​​ സ്റ്റുഡിയോ തുടങ്ങിയ മേഖലകളെല്ലാം നീണ്ട നിശബ്ദതയ്ക്ക് ശേഷം വീണ്ടും സജീവമായി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടി, തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പതിച്ച തോരണങ്ങൾ, തൊപ്പി, മാസ്‌ക്, മാലകൾ എന്നിവ വൻ തോതിൽ വിപണിയിലെത്തി കഴിഞ്ഞു. രാപ്പകൽ ഭേദമില്ലാതെ തിരക്കിട്ട ജോലിയിലാണ് പ്രസുകളടക്കമുള്ള സ്ഥാപനങ്ങൾ. കൊവിഡ് കാരണം പഴയപോലെ വിലക്കുറവ് തേടി തമിഴ്നാട്ടിലേക്ക് ആരും പോകുന്നില്ല. ഇവർക്കെല്ലാം കൂടി പോസ്റ്ററുകളും നോട്ടീസുകളും തയ്യാറാക്കുന്ന തിരക്കിട്ട ജോലിയിലാണ് പ്രസുകൾ. നല്ല ഡിസൈനിൽ നോട്ടീസും പോസ്റ്ററും തയ്യാറാക്കേണ്ടതിനാൽ ഡിസൈനർമാർക്കും നല്ലകാലം. എല്ലാ ആഘോഷങ്ങളും നിലച്ചതോടെ വരുമാനം നിലച്ച ഫ്ളെക്‌സ് പ്രിന്റിംഗ് യൂണിറ്റുകളിലും ഇപ്പോൾ തിരക്കോട് തിരക്കാണ്. ഫ്ലക്സ് അടിച്ച് ആവശ്യമെങ്കിൽ സ്ഥാപിച്ച് നൽകാൻ വരെ ചില ഫ്ളെക്‌സ് യൂണിറ്റുകൾ തയ്യാറാണ്. കല്യാണവർക്കുകൾ ഇല്ലാതായതോടെ പട്ടിണിയിലായിരന്ന സ്റ്റുഡിയോക്കാർക്കും തിരഞ്ഞെടുപ്പ് നല്ല കാലമാണ്. പോസ്റ്ററുകളിലേക്കും ഫ്ലെക്‌സിലേക്കും സ്ഥാനാർത്ഥികളുടെ മനോഹരമായ ചിത്രങ്ങൾ പകർത്താൻ നിരവധിപ്പേരാണ് സ്റ്റുഡിയോകളിൽ എത്തുന്നത്.

തൊഴിലാളികൾക്കെല്ലാം തൊഴിൽ

മാർച്ച് അവസാനത്തോടെ തൊഴിൽ നിലച്ച ചെറുകിട സംരംഭർക്കും അവിടുത്തെ തൊഴിലാളികൾക്കും ആശ്വാസ കാലമാണിത്. വെള്ളയടിച്ച ചുവരുകളിൽ ബഹുവർണങ്ങളിൽ സ്ഥാനാർത്ഥികളുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും വരയ്ക്കുന്ന നൂറ് കണക്കിന് തൊഴിലാളികൾക്കും കലാകാരൻമാർക്കും തിരഞ്ഞെടുപ്പ് നേട്ടമായി.

ഹലോ മൈക്ക് ടെസ്റ്റിംഗ്

മൈക്ക് അനൗൺസ്മെന്റില്ലാതെ എന്ത് തിരഞ്ഞെടുപ്പ്. കലാശകൊട്ടിനോടടുക്കുമ്പോൾ മൈക്കും ബോക്‌സും ലഭിക്കാതെ സ്ഥാനാർത്ഥികളും പ്രവർത്തകരും നാടാകെ ഓടുന്നത് പതിവാണ്. കാരണം ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ മൂന്ന് മുന്നണി സ്ഥാനാർത്ഥികൾക്കൊപ്പം സ്വതന്ത്രരും കൂടി ആകുമ്പോൾ മത്സരിക്കുന്നവരുടെ എണ്ണം കൂടുതലാണ്. എല്ലാവർക്കും കൂടി കൊടുക്കാൻ ഉള്ളത്ര സാധനങ്ങൾ നാട്ടിലെ ഒരു മൈക്ക് ഓപ്പറേറ്ററുടെ കൈയിലും ഉണ്ടാകില്ല. അതിനാൽ പലരും നേരത്തെ ബുക്ക് ചെയ്ത് വച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.