തൊടുപുഴ: ഒരു പതിറ്റാണ്ടായി മുട്ടം പഞ്ചായത്തിന്റെ ഭരണം വനിതകളുടെ കൈകളിൽ സുരക്ഷിതമാണ്. പുരുഷന്മാർക്ക് ഭരണ നേതൃത്വത്തിലേക്ക് എത്താൻ ഇനിയും അഞ്ച് വർഷങ്ങൾ കൂടി കാത്ത് നിൽക്കണം. 2010 ലാണ് ആദ്യമായി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം വനിതാ സംവരണം വരുന്നത്. അന്ന് കേരള കോൺഗ്രസിലെ മരിയ ബേബിയും കോൺഗ്രസിലെ ബീന ജോർജും യു.ഡി.എഫ് ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം പങ്കിട്ടു. എന്നാൽ 2015 ലെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനം ജനറൽ വിഭാഗത്തിനായിരുന്നു. കുട്ടിയമ്മ മൈക്കിളിന് കേരള കോൺഗ്രസ് സീറ്റ് നൽകാത്തതിനെ തുടർന്ന് അവർ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചു. അന്നത്തെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യമായി ആറ് വീതം സീറ്റുകൾ കിട്ടിയതോടെ സ്വതന്ത്രയായി വിജയിച്ച കുട്ടിയമ്മയുടെ തീരുമാനം അനുസരിച്ചായിരുന്നു പിന്നീട് മുട്ടം പഞ്ചായത്തിന്റെ ഭരണം. തുടർന്ന് യു.ഡി.എഫ് പിന്തുണയോടെ കുട്ടിയമ്മ പ്രസിഡന്റായി. എന്നാൽ ഒന്നര വർഷത്തെ ഭരണത്തിന് ശേഷം യു.ഡി.എഫ് കുട്ടിയമ്മയ്ക്ക് നൽകിയ പിന്തുണ പിൻവലിച്ചു. എന്നാൽ എൽ.ഡി.എഫ് കുട്ടിയമ്മക്ക് പിന്തുണ നൽകി കുട്ടിയമ്മ വീണ്ടും ഭരണ നേതൃത്വത്തിലേക്ക് എത്തി. ഇത്തവണയും പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. ഇതോടെ അടുത്ത അഞ്ച് വർഷവും മുട്ടം പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനത്തേക്ക് പുരുഷന്മാരെ അടുപ്പിക്കില്ലെന്ന് സാരം.