തൊടുപുഴ: കേരളത്തിലെ പട്ടികവിഭാഗ ജനസംഖ്യയിൽ രണ്ടാമതുള്ള സാംബവർക്ക് അർഹമായ പ്രാതിനിധ്യം ഇടതു- വലത് കക്ഷികൾ നൽകുന്നില്ലെന്ന് ദളിത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ഗോവിന്ദനും സാംബവ മഹാസഭ ജില്ലാ പ്രസിഡന്റ് എ.എ. മാധവനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമസഭാ പ്രാതിനിധ്യം പോലും ഒരു പാർട്ടിയും നൽകാൻ തയ്യാറായിട്ടില്ല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സംവരണ മണ്ഡലങ്ങളിലെങ്കിലും അർഹമായ അംഗീകാരം നൽകാൻ തയ്യാറാകണം. കോൺഗ്രസ് പാർട്ടിയിലെ പട്ടികവിഭാഗ അവഗണന അവസാനിപ്പിക്കണം. കോൺഗ്രസ് ഭരണഘടനയിൽ 20 ശതമാനം പട്ടിക പന്നാക്ക വിഭാഗങ്ങളെ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ ഉണ്ടായിട്ടും രണ്ട് ശതമാനം പട്ടികവിഭാഗങ്ങളെപ്പോലും കെ.പി.സി.സിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അവർപറഞ്ഞു. സാംബവ മഹാസഭ ജില്ലാ മെമ്പർ അജീഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.