തൊടുപുഴ: രാവിലെ ആറോടെ പെയിന്റും ബ്രെഷുമൊക്കെയായി വീട്ടിൽ നിന്നിറങ്ങും. ചുവരെഴുതാൻ കണ്ടുവെച്ച മതിലുകളിൽ വെള്ള പൂശും. കുമ്മായം ഉണങ്ങിയ ചുമരിൽ വടിവൊത്ത കൈയക്ഷരത്തിൽ എഴുതും. എട്ടു മണിയോടെ കുളിച്ചൊരുങ്ങി വീടുകൾ കയറി തനിക്ക് വേണ്ടി വോട്ട് ചോദിക്കും.

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഇടവെട്ടി ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇ.കെ. അജിനാസാണ് സ്വന്തമായി തന്നെ ചുമരെഴുതി പ്രചാരണം നടത്തുന്നത്. പെയിന്റിങ് തൊഴിലാളിയായ അജിനാസ് രാവിലെയും രാത്രിയിലുമുള്ള ഇടവേളയിലാണ് ചുമരെഴുത്തിന് ഇറങ്ങുന്നത്.
ചുവരെഴുതുന്ന സ്ഥലങ്ങളിലെ പഞ്ചായത്ത് വാർഡുകളിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വോട്ടഭ്യർഥിച്ചും ഇദ്ദേഹം ചുവരെഴുതുന്നുണ്ട്. സി.പി.ഐ അംഗമായ അജിനാസ് കഴിഞ്ഞ തവണ ഇടവെട്ടി പഞ്ചായത്തിലെ അഞ്ചാം വാർഡ് ശാസ്താം വാർഡിൽ നിന്ന് ജയിച്ചിരുന്നു. യു.ഡി.എഫ് കുത്തക വാർഡാണ് അന്ന് പിടിച്ചെടുത്തത്.