തൊടുപുഴ: അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി നടത്തിയ സെക്രട്ടറിയേറ്റ് -ജില്ലാ-താലൂക്ക് സത്യാഗ്രഹ പരിപാടിയുടെ ഭാഗമായി തൊടുപുഴ മുനിസിപ്പൽ സ്റ്റേഷന് മുൻപിൽ തൊടുപുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സത്യാഗ്രഹം നടത്തി.മുന്നാക്ക സംവരണത്തിൽ പ്രതിഷേധിച്ചും വർഷങ്ങളായി പിന്തുടരുന്ന സംവരണം ജാതി സെൻസസിലൂടെ പുനർ നിർണയിച്ച് പിന്നാക്കക്കാർക്ക് കൂടുതൽ സംവരണം നൽകുക, സംവരണ കമ്മീഷനെ നിയമിക്കുക, ജനസംഖ്യാനുപാതികമായി അധികാര പ്രാതിനിധ്യം അനുവദിക്കുക, പി. എസ്. സി നിയമന റൊട്ടേഷൻ വ്യവസ്ഥയിലെ തട്ടിപ്പ് അവസാനിപ്പിക്കുക, 73-ാം ഭരണഘടന ഭേദഗതി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിയമസഭയിലും സ്‌പെഷ്യൽ സംവരണം നടപ്പിലാക്കുക, ഉന്നതവിദ്യാഭ്യാസ രംഗത്തും, എയ്ഡസ് സ്ഥാപനങ്ങളിലും, ദേവസ്വം ബോർഡുകളിലും മതിയായ പ്രാതിനിധ്യം ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സത്യാഗ്രഹ സമരം.യൂണിയൻ പ്രസിഡന്റ് ബിന്ദു വിക്രമൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. എം. എസ് വിനയരാജ്, മുൻ ബോർഡ് മെമ്പർ ഇ.കെ മുരളീധരൻ, മഹിളാസംഘം സംസ്ഥാന സമിതിഅംഗം പി.കെ സുമതി, യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ് ഗിരീഷ്, കെ.റ്റി.എ.യു സെക്രട്ടറി ടി.കെ മനോജ്, മഹിളാസംഘം യൂണിയൻ പ്രസിഡന്റ് വത്സ ദിവാകരൻ, യൂണിയൻ വൈ.പ്രസിഡന്റുമാർ . എം.ഡി വിജയകുമാർ, എ.എസ് രാജേഷ്, ജോയിന്റ് സെക്രട്ടറി പി.കെ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.