veli

ചെറുതോണി:സ്വകാര്യ വ്യക്തി റോഡ് കൈയ്യേറി മുള്ള് വേലി സ്ഥാപിച്ചു. പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഏഴ് കമ്പി നടുശ്ശേരി പടി പഞ്ചായത്ത് റോഡാണ് സ്വകാര്യ വ്യക്തി കൈയ്യേറിയത്.കുടിയേറ്റ കാലത്തോളം പഴക്കമുള്ളതും 70 ഓളം കുടുബങ്ങൾ ഉപയോഗിക്കുന്നതുമായ എട്ട് മീറ്റർ വീതിയുള്ള റോഡ് സ്വകാര്യ വ്യക്തി രണ്ട് മീറ്ററോളം കൈയ്യേറി ആണ് മുള്ള് വേലി സ്ഥാപിച്ചത്.റോഡ് സൈഡിലൂടെ കടന്നുപോകുന്ന നാട്ടുകാർ ഉപയോഗിക്കുന്ന കുടിവെള്ള പൈപ്പും നശിപ്പിച്ചു.

കുടിവെള്ള പൈപ്പ് വേലിക്കെട്ടിന് ഉള്ളിൽ ആയതിനാൽ പൊട്ടിയ ഭാഗം നന്നാക്കാനും സാധിക്കാതെ പ്രദേശവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. കൈയ്യേറിയ റോഡും കുടിവെള്ള പൈപ്പ് കടന്നു പോകുന്ന ഭാഗത്തെ മുള്ള് വേലിയും എടുത്ത് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ .