തൊടുപുഴ: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വിജയികളെ നിശ്ചയിക്കുന്നതിൽ നിർണായക ഘടകമായി പോസ്റ്റൽ വോട്ടുകൾ മാറും. നേരത്തെ തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് മാത്രമായിരുന്നു പോസ്റ്റൽ വോട്ടിന് അവസരം. എന്നാൽ കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും ഇത്തവണ പോസ്റ്റൽ വോട്ടുകൾ ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി നൽകിയിട്ടുണ്ട്. ഇതോടെ പോസ്റ്റൽ വോട്ടുകളുടെ എണ്ണം പതിവിലും കൂടും.

ശരാശരി ആയിരം വോട്ടർമാരുള്ള പഞ്ചായത്ത് വാർഡിൽ ഫലത്തെ സ്വാധീനിക്കാൻ കഴിയുന്നത്ര എണ്ണം പോസ്റ്റൽ വോട്ടുകൾ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ കക്ഷികളുടെ അനുമാനം. അതേസമയം കൊവിഡ് ബാധിതരുടെ പോസ്റ്റൽ വോട്ടുകളുടെ മാർഗനിർദേശങ്ങൾ സംബന്ധിച്ച് ഇതുവരെ ജില്ലാ ഭരണകൂടത്തിന് അറിയിപ്പൊന്നും കിട്ടിയിട്ടില്ല. ഇക്കാര്യത്തിൽ പല അവ്യക്തതകളും നിലനിൽക്കുന്നുണ്ട്. വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് വരെ പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാമെന്നാണ് നിർദേശം. പക്ഷേ ഈ സമയപരിധിക്ക് ശേഷം രോഗം സ്ഥിരീകരിക്കുന്നവരോ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട് നിരീക്ഷണത്തിൽ പോകേണ്ടി വരുന്നവരോ എന്ത് ചെയ്യണമെന്ന് വ്യക്തമല്ല. രോഗികൾ തയ്യാറെങ്കിൽ പി.പി.ഇ കിറ്റ് ധരിച്ച് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താൻ അവസരം നൽകുന്നത് ഉൾപ്പെടെ പരിഗണിക്കുമെന്നാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത്.

പോസ്റ്റൽ വോട്ട് പോക്കറ്റിലാക്കും

പോസ്റ്റൽ വോട്ടുകൾ നേരത്തെ സ്വന്തമാക്കാൻ മൂന്ന് മുന്നണികളും പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഇതിന് പ്രത്യേക സംഘത്തെ നിയോഗിച്ച് യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും മുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞു.

ഉദ്യോഗസ്ഥർക്ക് കൊവിഡ് പേടി

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ പലരും കൊവിഡ് ഭീതിയിലാണ്.

കാര്യമായ വായുസഞ്ചാരമില്ലാത്ത ക്ലാസ് മുറികളാകും ഭൂരിഭാഗം പോളിംഗ് ബൂത്തുകളും. മുഖം തിരിച്ചറിയാൻ ബൂത്തിനുള്ളിൽ വോട്ടർമാർ മാസ്‌ക് ഊരും. വോട്ടർമാരുടെ ശ്വാസം ബൂത്തിൽ പരക്കും. ഒപ്പിടാൻ അറിയാത്ത പ്രായമുള്ള വോട്ടർമാരുടെ വിരൽ പതിക്കണം. കൃത്യസ്ഥലത്ത് തന്നെ വിരൽ പതിക്കാൻ ചിലപ്പോൾ കൈയിൽ പിടിക്കേണ്ടി വരും. കൊവിഡ് സ്ഥിരീകരിച്ച വോട്ടർമാർക്ക് മാത്രമാണ് നിലവിൽ പോസ്റ്റൽ ബാലറ്റ് അനുവദിച്ചിട്ടുള്ളത്. തിരിച്ചറിയപ്പെടാത്ത കൊവിഡ് ബാധിതർ വോട്ട് ചെയ്യാൻ നേരിട്ടെത്തും. രാഷ്ട്രീയക്കാരും വോട്ടർമാരും നിരന്തരം കയറിയിറങ്ങുന്ന ടോയ്‌ലെറ്റിൽ വേണം പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ. ഉറപ്പുള്ള വോട്ടാണെങ്കിൽ നിരീക്ഷണത്തിൽ കഴിയുന്നവരെയും രാഷ്ട്രീയക്കാർ ബൂത്തിലെത്തിക്കാൻ സാദ്ധ്യതയുണ്ട്.