തൊടുപുഴ: സുരക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജനകീയ ഹോട്ടലുകൾ ജനങ്ങൾ ഏറ്റെടുത്തു. സർക്കാർ നടപ്പാക്കി വരുന്ന വിശപ്പ് രഹിത പ്രവർത്തനങ്ങളോട് അനുബന്ധിച്ച് "ഇരുപത് രൂപ നിരക്കിൽ ഉച്ച ഊണ് നൽകുക തൊഴിൽ അവസരം സൃഷ്ടിക്കുക" എന്നതാണ് ജനകീയ ഹോട്ടലുകളുടെ പ്രധാന ലക്ഷ്യം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ കുടുംബശ്രീക്കാണ് ജനകീയ ഹോട്ടലുകളുടെ നടത്തിപ്പ് ചുമതല. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലായി നിലവിൽ 36 ജനകീയ ഹോട്ടലുകൾ പ്രവർത്തനം ആരംഭിച്ചു. ജില്ലയിൽ ആദ്യം പ്രവർത്തനം ആരംഭിച്ചത് അലക്കോട് ഗ്രാമപഞ്ചായത്തിലാണ്. കട്ടപ്പന നഗരസഭ പരിധിയിൽ 2 ജനകീയ ഹോട്ടലുകൾ ആരംഭിക്കാനുള്ള നടപടികൾ പൂർത്തീകരിച്ചെങ്കിലും ഒരെണ്ണം മാത്രമാണ് പ്രവർത്തനം ആരംഭിച്ചത്. തൊടുപുഴ നഗരസഭ പരിധിയിൽ 3 ഹോട്ടലുകൾക്ക് അംഗീകാരം ലഭിച്ചെങ്കിലും ഒന്നും പ്രവർത്തന സജ്ജമായില്ല. ആവശ്യമാണെങ്കിൽ നഗരസഭാ പരിധിയിൽ ഓരോ 10 വാർഡുകൾക്കും ഒന്ന് എന്ന രീതിയിൽ ജനകീയ ഹോട്ടലുകൾക്ക് സർക്കാർ തലത്തിൽ അനുമതി നൽകും. കുടുംബശ്രീ അംഗങ്ങളായ 3 പേരാണ് ദൈനം ദിന പ്രവർത്തനങ്ങൾ ഏകോപിക്കുന്നതും. ഇതിന് ആവശ്യമായ പരിശീലനം നൽകുന്നത് കുടുംബശ്രീയുടെ അക്രഡിഷൻ ഏജൻസിയായ ഐഫറാണ്. ജനകീയ ഹോട്ടൽ നടത്തിപ്പിലൂടെ പ്രത്യക്ഷമയും പരോക്ഷമായും ജില്ലയിൽ നാനൂറോളം കുടുംബങ്ങൾക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്ന വാർഡിന്റെ മെമ്പർ /കൗൺസിലർ ചെയർമാനും സി ഡി എസ് മെമ്പർ സെക്രട്ടറി കൺവീനറുമായ ജനകീയ കമ്മറ്റിക്കാണ് മോണിറ്ററിംഗ് ചുമതല.

സമ്പത്തിക സഹായം......

ഒരു കിലോക്ക് 10 രൂപ 90 പൈസ നിരക്കിൽ ഒരുമാസത്തേക്ക് ആവശ്യമായ 600 കിലോ അരി സിവിൽ സപ്ലൈസാണ് നൽകുന്നത്. ഉച്ചക്കുള്ള ഒരു ഊണിന് ഇരുപത് രൂപയാണ് നടത്തിപ്പുകാർ ഈടാക്കുന്നത്. കൂടാതെ ഓരോ ഊണിനും 10 രൂപ കുടുംബശ്രീ ജില്ലാ മിഷനിൽ നിന്ന് സബ്സിഡിയും ലഭിക്കും. കെട്ടിടത്തിന് വാടക ആവശ്യമാണെങ്കിലും വൈദ്യതി വെള്ളം എന്നിവക്കുള്ള ചിലവ് അതാത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. ഒരു യൂണീറ്റ് ആരംഭിക്കാൻ 50,000 രൂപയുടെ പ്രവർത്തന മൂലധനം കുടുംബശ്രീ ജില്ലാ മിഷൻ നൽകും.

ഒരു ദിവസം ആരായിരത്തോളം ഊണ്........

5 ഹോട്ടലുകളിൽ നിന്ന് മാത്രമാണ് ഓരോ ദിവസവും ഉച്ചക്ക് 100 ൽ താഴെ ഊണ് നൽകുന്നത്. ജില്ലയിലെ വിവിധ ജനകീയ ഹോട്ടലുകളിൽ നിന്ന് 20 രൂപ ക്രമത്തിൽ ഒരു ദിവസം നൽകുന്ന ഊണ് ആറായിത്തോളമാണ്.

"ജനത്തിന് ഏറെ സഹായകമായ പദ്ധതിയാണ്. ജനങ്ങൾ ഈ പദ്ധതി ഏറ്റെടുത്തു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും"

ഷാജിമോൻ പി എ,

അസി:ജില്ലാ മിഷൻ കോർഡിനേറ്റർ ഇൻ ചാർജ്

ജനകീയ ഹോട്ടൽ