തൊടുപുഴ: അവസാനവട്ട സീറ്റ് വിഭജന ചർച്ചകളും പൂർത്തിയാക്കി സ്ഥാനാർത്ഥികളെ നിശ്ചയിച്ച് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള ഓട്ടത്തിലാകും ഇന്ന് മുന്നണികൾ. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കും. എൽ.ഡി.എഫ് ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാർത്ഥി നിർണയം പൂർത്തിയായെങ്കിലും യു.ഡി.എഫിലും എൻ.ഡി.എയിലും ഇനിയും അന്തിമതീരുമാനമെത്തിയിട്ടില്ല.
ചർച്ച തീരാതെ യു.ഡി.എഫ്
പത്രിക സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെ യു.ഡി.എഫിലെ ഉഭയകക്ഷി ചർച്ചകൾ രാത്രി വൈകിയും പുരോഗമിക്കുകയാണ്. നഗരസഭാ- ഗ്രാമപഞ്ചായത്ത് സീറ്റുകളെ സംബന്ധിച്ചാണ് തർക്കം. കഴിഞ്ഞ തവണ കേരളകോൺഗ്രസ് മത്സരിച്ച മുഴുവൻ സീറ്റുകളും തങ്ങൾക്ക് വേണമെന്ന നിലപാടാണ് ജോസഫ് വിഭാഗത്തിന്റേത്. എന്നാൽ അത് പലതും ഏറ്റെടുക്കാനുള്ള കോൺഗ്രസിന്റെ ശ്രമമാണ് തർക്കത്തിന് കാരണം. തൊടുപുഴ നഗരസഭയിൽ 12-ാം വാർഡിനെ ചൊല്ലിയാണ് ഇപ്പോൾ പ്രധാന തർക്കം. നിലവിൽ ഇവിടത്തെ കൗൺസിലർ ജോസ് കെ മാണി വിഭാഗത്തിനൊപ്പമായതിനാൽ ഈ സീറ്റ് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ജനറൽ സീറ്റായ ഇവിടെ മുൻ കൗൺസിലർ കൂടിയായ ഷിബിലി സാഹിബിനെയാണ് കോൺഗ്രസ് പരിഗണിച്ചിരുന്നത്. എന്നാൽ നിരവധി ചർച്ചകൾ നടത്തിയെങ്കിലും പകരം വേറെ സിറ്രിംഗ് സീറ്റ് വിട്ടുനൽകാമെന്ന് കോൺഗ്രസ് അറിയിച്ചെങ്കിലും ജോസഫ് വിഭാഗം വഴങ്ങിയില്ല. ഇവിടെ റിബൽ സ്ഥാനാർത്ഥി ഉണ്ടാകാനിടയുണ്ടെന്ന് പ്രദേശത്തെ കോൺഗ്രസ് നേതാക്കൾ പറുയുന്നു. അങ്ങനെവന്നാൽ 11,13 വാർഡുകളിലും പ്രതിഫലിക്കുമെന്ന ആശങ്ക യു.ഡി.എഫിലുണ്ട്. ഇതിനിടെ ചില സീറ്റുകളിൽ ലീഗും അവകാശം ഉന്നയിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ അഞ്ച് സീറ്റുകൾ അധികം ലീഗിന് നൽകിയേക്കും. ബാക്കിയിടങ്ങളിൽ തൽസ്ഥിതി തുടരാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം.
എൻ.ഡി.എയിൽ തർക്കം
തൊടുപുഴ നഗരസഭയിലെ രണ്ട് സീറ്റുകളെ ചൊല്ലി എൻ.ഡി.എയിൽ ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മിൽ തർക്കം. നഗരസഭയിൽ കഴിഞ്ഞ തവണ മൂന്ന്, 31 വാർഡുകളിലാണ് ബി.ഡി.ജെ.എസ് മത്സരിച്ചിരുന്നത്. ഇത്തവണ അഞ്ച് സീറ്റാണ് ബി.ഡി.ജെ.എസ് ചോദിച്ചത്. എന്നാൽ മൂന്ന് സീറ്റാണ് ബി.ജെ.പി നൽകാൻ തയ്യാറായത്. ഇതിൽ ബി.ഡി.ജെ.എസ് കഴിഞ്ഞ തവണ മത്സരിച്ച മൂന്നാം വാർഡിന് പകരം മറ്റൊരു സീറ്റ് നൽകാമെന്നാണ് ബി.ജെ.പിയുടെ നിലപാട്. എന്നാൽ ഇത് ബി.ഡി.ജെ.എസിന് സ്വീകാര്യമായില്ല. ഇതാണ് തർക്കത്തിന് കാരണം. രണ്ട് വാർഡുകളിലും ബി.ഡി.ജെ.എസ്- ബി.ജെ.പി സ്ഥാനാർത്ഥികൾ പത്രിക നൽകി പ്രചരണം ആരംഭിച്ചിട്ടുണ്ട്.